
വയനാട് ഉരുൾപൊട്ടലിൽ സർവ്വസ്വവും നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല നിവാസികൾക്കായി കോൺഗ്രസ് പ്രസ്ഥാനം വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ നിർമ്മാണത്തിന് നാളെ തുടക്കമാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നിർവ്വഹിക്കും. ദുരന്തഭൂമി സന്ദർശിച്ച വേളയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമാണ് കുന്നമ്പറ്റയിലെ എട്ട് ഏക്കർ ഭൂമിയിൽ യാഥാർത്ഥ്യമാകുന്നത്. ശാസ്ത്രീയമായ ഭൂവൈജ്ഞാനിക പഠനങ്ങൾക്ക് ശേഷം മണ്ണൊലിപ്പ് സാധ്യതയില്ലാത്ത സുസ്ഥിരമായ ഭൂമിയിലാണ് ഈ സുരക്ഷിത ഗ്രാമം നിർമ്മിക്കുന്നത്.
വെറുമൊരു പാർപ്പിട സമുച്ചയമല്ല, മറിച്ച് വയനാടിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന വിധം ആർക്കിടെക്റ്റ് വിനോദ് സിറിയക് രൂപകൽപ്പന ചെയ്ത അത്യാധുനിക സൗകര്യങ്ങളുള്ള വീടുകളാണ് ഇവിടെ ഉയരുന്നത്. 8 സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓരോ വീടിലും മൂന്ന് കിടപ്പുമുറികളും വിശാലമായ ഹാളും ഉണ്ടാകും. ഭാവിയിൽ ഒരു നില കൂടി പണിയാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ സ്ട്രക്ചർ. കൂടാതെ, താമസക്കാർക്ക് ഹോം സ്റ്റേ വഴി അധിക വരുമാനം ഉറപ്പാക്കാൻ വീടിന് പുറത്തുനിന്നും പ്രവേശിക്കാവുന്ന കോണിപ്പടികൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 6 മീറ്റർ വീതിയുള്ള റോഡുകൾ, കമ്മ്യൂണിറ്റി പാർക്ക്, കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങൾ എന്നിവയും ഈ മാതൃകാ ഗ്രാമത്തിന്റെ സവിശേഷതയാണ്.
Also Read: “മന്ത്രിയുടെ കഴുത്തിന് പിടിച്ച് തള്ളി”; കെഎസ്‌യു അക്രമം അപലപനീയമെന്ന് സ്പീക്കർ എ.എൻ. ഷംസീർ
നാളെ ഉച്ചയ്ക്ക് 2.30-ന് കുന്നമ്പറ്റയിലെ വർക്ക് സൈറ്റിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ദുരന്തബാധിതരെ ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷിതമായ ജീവിതം തിരിച്ചുനൽകാനുമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുതലാണ് ഈ പദ്ധതിയെന്ന് ടി. സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി. അതിജീവനത്തിന്റെ പുതിയൊരു അടയാളമായി മാറുന്ന ഈ മാതൃകാ ഗ്രാമം വയനാടിന്റെ പുനർനിർമ്മാണ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്.
The post വാക്ക് പാലിച്ച് രാഹുൽ ഗാന്ധി; വയനാട്ടിലെ കോൺഗ്രസ് മാതൃകാ ഗ്രാമത്തിന് നാളെ ശിലാസ്ഥാപനം appeared first on Express Kerala.



