
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചു. ലോകശ്രദ്ധ നേടിയ കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെയും തുടർച്ചയായി വേട്ടയാടുന്നത് വഴി സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാമെന്ന കോൺഗ്രസിന്റെ മോഹം വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയായ ഒരു പൊതുപ്രവർത്തകയെ പിന്തുടർന്ന് ആക്രമിക്കുന്നത് ഒരു തരത്തിലും സമരമായി കാണാനാവില്ലെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെ ആശീർവാദത്തോടെ നടത്തുന്ന വെറുമൊരു സമരാഭാസമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കരുതിക്കൂട്ടിയുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഏത് ഹീനമാർഗ്ഗവും സ്വീകരിക്കുന്ന പ്രതിപക്ഷത്തിന്റെ കാടത്തമാണ് ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സ്ത്രീസമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്റെ ഈ പ്രവൃത്തിയോട് ക്ഷമിക്കില്ല. ഇത്തരം അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു.
The post ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണം; സമരമായി കാണാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ appeared first on Express Kerala.



