
ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം. 61 റൺസിന്റെ മിന്നും ജയത്തോടെ കിവികൾ തങ്ങളുടെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. ഈ തോൽവിയോടെ ആതിഥേയരായ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി എന്നതും ശ്രദ്ധേയമാണ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ തകർപ്പൻ ഇന്നിങ്‌സാണ് കിവികളെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 26 പന്തിൽ നിന്ന് നാല് സിക്‌സറും രണ്ട് ഫോറുമടക്കം 47 റൺസാണ് സാന്റ്നർ അടിച്ചുകൂട്ടിയത്. രചിൻ രവീന്ദ്ര (32), കോൾ മക്കോഞ്ചി (31), ഫിൻ അലൻ (23) എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണയും ദുഷ്മന്ത ചമീരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Also Read:ഐസിസി ടി20 റാങ്കിംഗ്! ഇഷാൻ കിഷൻ ആദ്യ അഞ്ചിൽ; ബുമ്രയുടെ മാസ്മരിക തിരിച്ചുവരവ്
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ താളം കണ്ടെത്താനായില്ല. മാറ്റ് ഹെൻറിയുടെ പേസ് ആക്രമണവും രചിൻ രവീന്ദ്രയുടെ മാന്ത്രിക സ്പിന്നും ലങ്കൻ നിരയെ തകർത്തു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എടുക്കാനേ അവർക്കായുള്ളൂ. 31 റൺസ് നേടിയ കാമിന്ദു മെൻഡിസും 29 റൺസ് നേടിയ ധുനീത് വെല്ലാലകെയും മാത്രമാണ് ലങ്കൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര നാല് വിക്കറ്റും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും സ്വന്തമാക്കി.
നിലവിൽ ഗ്രൂപ്പ് രണ്ടിൽ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മാത്രമാണ് സെമി യോഗ്യത നേടിയിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റുള്ള പാകിസ്ഥാൻ മൂന്നാമതും പോയിന്റൊന്നുമില്ലാത്ത ശ്രീലങ്ക അവസാന സ്ഥാനത്തുമാണ്.
The post ടി20 ലോകകപ്പ്! ലങ്കയെ തകർത്തെറിഞ്ഞ് കിവികൾ; സെമി സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു! appeared first on Express Kerala.



