
അക്കൗണ്ടിൽ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് പണം ആവശ്യമായി വന്നാൽ എന്തുചെയ്യും എന്ന സാധാരണക്കാരുടെ ആശങ്കയ്ക്ക് പരിഹാരമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ ധൻ യോജന. പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ടിൽ പണമില്ലെങ്കിലും വായ്പയായി ഈ തുക പിൻവലിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
ഓവർഡ്രാഫ്റ്റ് പരിധിയും മാറ്റങ്ങളും
ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തപ്പോഴും നിശ്ചിത തുക പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഓവർഡ്രാഫ്റ്റ്. ഇതൊരു ഹ്രസ്വകാല വായ്പയായിട്ടാണ് കണക്കാക്കുന്നത്. ജൻ ധൻ യോജനയുടെ തുടക്കത്തിൽ ഈ പരിധി 5,000 രൂപയായിരുന്നുവെങ്കിലും പിന്നീട് സർക്കാർ ഇത് 10,000 രൂപയായി ഉയർത്തുകയായിരുന്നു. അടിയന്തര ചികിത്സാ ചെലവുകൾക്കും ചെറിയ ബിസിനസ് ആവശ്യങ്ങൾക്കും ഈ തുക വലിയൊരു സഹായമാണ്.
അർഹതയും നിബന്ധനകളും
ഈ സൗകര്യം ലഭിക്കുന്നതിന് ഉപഭോക്താക്കൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അക്കൗണ്ട് തുടങ്ങി ആറ് മാസമെങ്കിലും പിന്നിട്ടിരിക്കണം എന്നതിനൊപ്പം കൃത്യമായ ഇടപാടുകൾ നടന്നിരിക്കുകയും വേണം. അപേക്ഷകർ 18-നും 65-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ, അതിൽ തന്നെ സ്ത്രീകൾക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം.
Also Read:ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾക്ക് കത്രിക; റിവാർഡ് പോയിന്റുകളിലും ലോഞ്ച് ആക്‌സസ്സിലും വലിയ മാറ്റങ്ങൾ
ഗ്യാരണ്ടിയില്ലാതെ 2,000 രൂപ വരെ
ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത 2,000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റിന് പ്രത്യേക നിബന്ധനകളോ ഗ്യാരണ്ടിയോ ആവശ്യമില്ല എന്നതാണ്. എന്നാൽ ഈ തുകയ്ക്ക് മുകളിൽ പിൻവലിക്കാൻ ബാങ്കിന്റെ പരിശോധനകളും ഉപഭോക്താവിന്റെ ക്രെഡിറ്റ് ഹിസ്റ്ററിയും പരിഗണിക്കും. എടിഎം കാർഡ് വഴി തന്നെ ഈ പണം പിൻവലിക്കാമെന്ന സൗകര്യവുമുണ്ട്.
വായ്പയും പലിശ നിരക്കും
ഓവർഡ്രാഫ്റ്റ് വഴി ലഭിക്കുന്ന പണം ഒരു സൗജന്യ സഹായമല്ല, മറിച്ച് വായ്പയാണ്. അതിനാൽ ബാങ്കുകൾ ഈ തുകയ്ക്ക് പലിശ ഈടാക്കും. ഓരോ ബാങ്കുകൾക്കും അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ടാകാം. 2 ശതമാനം മുതൽ 12 ശതമാനം വരെയാണ് സാധാരണയായി ഈടാക്കുന്ന പലിശ. കൃത്യസമയത്ത് പണം തിരിച്ചടച്ചില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്ന കാര്യം ഓർമ്മിക്കണം.
ജൻ ധൻ പദ്ധതിയുടെ വളർച്ച
2014-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ 55 കോടിയിലധികം അക്കൗണ്ടുകൾ നിലവിലുണ്ട്. സീറോ ബാലൻസ് സൗകര്യത്തിന് പുറമെ റുപേ ഡെബിറ്റ് കാർഡ്, രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് എന്നിവയും ഈ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്നു. നിങ്ങൾക്ക് ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ള ജൻ ധൻ അക്കൗണ്ടുണ്ടെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
The post അക്കൗണ്ടിൽ പണമില്ലേ? ബേജാറാവേണ്ട! 10,000 രൂപ അടിയന്തരമായി നൽകാൻ സർക്കാർ പദ്ധതി appeared first on Express Kerala.



