
ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണ്ണായകമായ മത്സരത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലേറ്റ കനത്ത തോൽവിക്ക് ശേഷം ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ സിംബാബ്‌വെയെ വലിയ മാർജിനിൽ പരാജയപ്പെടുത്തേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. മത്സരത്തിന് മുന്നോടിയായി ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങൾ മണിക്കൂറുകളോളം തീവ്രമായ പരിശീലനം നടത്തി.
സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ ടീമിനെ നിസ്സാരക്കാരായി തള്ളിക്കളയാനാവില്ല. സൂപ്പർ എട്ടിലെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും തകർത്തതിന്റെ ആത്മവിശ്വാസം അവർക്കുണ്ട്. ഏത് വമ്പൻമാരെയും അട്ടിമറിക്കാൻ ശേഷിയുള്ള പോരാട്ടവീര്യം റാസയും സംഘവും ചെന്നൈയിലും പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
Also Read: സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും! ചെന്നൈയിൽ സിംബാബ്‌വെയെ നേരിടാൻ ടീം ഇന്ത്യ
ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യ സെമി കാണാതെ പുറത്താകാൻ സാധ്യതയുള്ളതിനാൽ ആരാധകർ വലിയ ആകാംക്ഷയിലാണ്. വിജയത്തിനൊപ്പം തന്നെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ടോപ്പ് ഓർഡറിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപരമായ നീക്കങ്ങൾ ഇന്ത്യൻ ക്യാമ്പിൽ നടക്കുന്നുണ്ട്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്ക് നെറ്റ്സിൽ പ്രത്യേക പരിശീലനം നൽകിയത് ടീമിലെ മാറ്റങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ചെന്നൈയിലെ കാലാവസ്ഥാ റിപ്പോർട്ട്
മത്സരത്തെ മഴ ബാധിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും കാലാവസ്ഥാ പ്രവചനം ആശ്വാസം നൽകുന്നതാണ്. ചെന്നൈയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെന്നും ആകാശം തെളിഞ്ഞുനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. എന്നാൽ 70 ശതമാനത്തിന് മുകളിലുള്ള ഹ്യുമിഡിറ്റി ബൗളർമാർക്കും ഫീൽഡർമാർക്കും വലിയ വെല്ലുവിളിയായേക്കാം.
The post ചെപ്പോക്കിൽ മഴ ഭീഷണിയില്ല; ഇന്ത്യ-സിംബാബ്‌വെ പോരാട്ടത്തിന് ആകാശം തെളിയും appeared first on Express Kerala.



