
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും പണം തട്ടുകയും ചെയ്ത സംഘത്തെ പോലീസ് പിടികൂടി. സഫീന (27), അമൽ വേണുഗോപാൽ (32), ജോൺ രാഹുൽ (23), ആനന്ദ് മുരുകൻ (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ക്രൂരമായ മർദനത്തിൽ യുവാവിന്റെ വാരിയെല്ലിന് ഒടിവുണ്ട്.
ഫുഡ് ഡെലിവറി ബോയ് ആയ യുവാവുമായി സഫീന ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് വഴിവിട്ട ചാറ്റിംഗിലേക്ക് നീങ്ങി.
സഫീനയുടെ ആൺസുഹൃത്തായ അമൽ വേണുഗോപാലിന്റെ അറിവോടെയാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. സഫീനയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഇവരുടെ നീക്കം.
Also Read: കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് വീഴ്ത്തി; പ്രതികൾക്കായി തിരച്ചിൽ
ഫെബ്രുവരി 22-ന് പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് എത്തിയതിന് പിന്നാലെ അമലും സംഘവും മുറിയിലേക്ക് അതിക്രമിച്ചു കയറി. സഫീനയുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. ഇതിനെത്തുടർന്ന് സംഘം യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിന്റെ പക്കൽ നിന്നും പണവും എടിഎം കാർഡും തട്ടിയെടുത്ത ശേഷം പ്രതികൾ കടന്നുകളഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് പോലീസിൽ പരാതി നൽകിയത്.
പ്രധാനപ്രതികളായ സഫീനയെയും അമൽ വേണുഗോപാലിനെയും വാഴക്കാലയിലെ ലോഡ്ജിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ വൈറ്റിലയിലെ വീട്ടിൽനിന്നും ആനന്ദ് മുരുകനെ ചോറ്റാനിക്കരയിലെ വാടകവീട്ടിൽനിന്നും പിടികൂടി. അറസ്റ്റിലായവരിൽ സഫീന ഒഴികെയുള്ളവർ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.
The post കൊച്ചിയിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവം; ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ appeared first on Express Kerala.



