
കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് കോർപ്പറേഷന് സർക്കാർ സഹായമായി നൽകിയത്. ഇതിൽ 879 കോടി രൂപ പെൻഷൻ വിതരണത്തിനും 520 കോടി രൂപ പ്രത്യേക സഹായവുമായാണ് ലഭ്യമാക്കിയത്. നടപ്പ് ബജറ്റിൽ 900 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്കായി നീക്കിവച്ചിരുന്നതെങ്കിലും ഇതിനകം 499 കോടി രൂപ അധികമായി അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ ആകെ 8,619 കോടി രൂപയാണ് കോർപ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ 5,002 കോടി രൂപ കൂടി കണക്കിലെടുത്താൽ ഇടതുപക്ഷ സർക്കാരുകൾ ആകെ 13,621 കോടി രൂപയുടെ സഹായം കെ.എസ്.ആർ.ടി.സി.ക്ക് നൽകിക്കഴിഞ്ഞു. മുൻ യു.ഡി.എഫ് സർക്കാരിന്റെ അഞ്ചുവർഷക്കാലത്ത് കേവലം 1,467 കോടി രൂപ മാത്രമാണ് നൽകിയിരുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ശമ്പളവും പെൻഷനും മുടങ്ങാതെ കൊണ്ടുപോകുന്നതിനായുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ സർക്കാർ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post കെ.എസ്.ആർ.ടി.സി.ക്ക് 73.50 കോടി രൂപ കൂടി; രണ്ടാം പിണറായി സർക്കാർ നൽകിയത് 8,619 കോടി രൂപ appeared first on Express Kerala.



