
ഇന്ത്യൻ ടീമിലെ ശിവം ദുബെയുടെ ഓൾറൗണ്ട് പ്രകടനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ ദുബെയുടെ മോശം ബൗളിംഗ് പ്രകടനത്തെ രൂക്ഷമായി വിമർശിച്ച കൈഫ്, താരത്തെ ഒരു ഓൾറൗണ്ടറായി കണക്കാക്കാനാവില്ലെന്നും കേവലം ഒരു ‘ബാറ്റർ’ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം നേടിയ ദുബെ, ടൂർണമെന്റിലുടനീളം റൺസ് വിട്ടുകൊടുക്കുന്നതിൽ വൻ പിശുക്ക് കാണിക്കുന്നുണ്ടെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി. 120 കിലോമീറ്റർ മാത്രം വേഗതയുള്ള ബൗളർമാർ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും വെസ്റ്റ് ഇൻഡീസിനെപ്പോലെയുള്ള കരുത്തർക്കെതിരെ ഇവർ ഒരോവറിൽ നാല് സിക്സറുകൾ വരെ വഴങ്ങിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദക്ഷിണാഫ്രിക്കൻ താരം ഡിവാൾഡ് ബ്രേവിസിനെതിരെ പത്താം ഓവറിൽ ദുബെ സ്വീകരിച്ച പ്രതിരോധ തന്ത്രത്തെ കൈഫ് പ്രത്യേകം വിമർശിച്ചു. വിക്കറ്റിനായി ശ്രമിക്കേണ്ട നിർണ്ണായക ഘട്ടത്തിൽ വൈഡ് ബോൾ എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത് തെറ്റായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അമിത പ്രതിരോധം ടീമിന് ഗുണകരമല്ലെന്ന് വ്യക്തമാക്കിയ കൈഫ്, ദുബെയുടെ ബൗളിംഗ് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പത്താം ഓവറിൽ അറ്റാക്കിംഗ് ഗെയിം കളിക്കുന്നതിന് പകരം പ്രതിരോധത്തിലേക്ക് വലിഞ്ഞത് ദുബെയുടെ ബൗളിംഗിലെ പരിമിതികളാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിലെ ഇടംകൈയ്യൻ ബാറ്റർമാരുടെ ആധിക്യമാണ് കൈഫിനെ ചൊടിപ്പിച്ച മറ്റൊരു പ്രധാന കാര്യം. ആദ്യ എട്ട് ബാറ്റർമാരിൽ ആറുപേരും ഇടംകൈയ്യൻമാരാണെന്നത് ടീമിന് അമിതഭാരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാനും ടീമിൽ മികച്ച വലംകൈ-ഇടംകൈ കോമ്പിനേഷൻ കൊണ്ടുവരാനും മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിലേക്ക് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു. ഹാർദിക് പാണ്ഡ്യയെ അഞ്ചാം നമ്പറിൽ ഇറക്കുന്നത് ഈ ബാലൻസ് നിലനിർത്താനാണെങ്കിൽ, സമാനമായ രീതിയിൽ സഞ്ജുവിനെ കൂടി പരിഗണിക്കുന്നത് ടീമിന്റെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post ‘ദുബെ ഓൾറൗണ്ടറല്ല, വെറും ബാറ്റർ മാത്രം; സഞ്ജുവിനെ ഉടൻ ടീമിലെടുക്കണം’, തുറന്നടിച്ച് മുഹമ്മദ് കൈഫ് appeared first on Express Kerala.



