
ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം ഇർഫാൻ പത്താൻ. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ജീവൻമരണപ്പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറിൽ ഇറക്കണമെന്നാണ് പത്താന്റെ പ്രധാന ആവശ്യം. ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഇടംകൈയ്യൻമാരായതിനാൽ, ടോപ്പ് ഓർഡറിൽ ഒരു വലംകൈയ്യൻ ബാറ്ററുടെ സാന്നിധ്യം ടീമിന് അനിവാര്യമാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പത്താൻ വ്യക്തമാക്കി.
Also Read: ‘ദുബെ ഓൾറൗണ്ടറല്ല, വെറും ബാറ്റർ മാത്രം; സഞ്ജുവിനെ ഉടൻ ടീമിലെടുക്കണം’: തുറന്നടിച്ച് മുഹമ്മദ് കൈഫ്
കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സിംബാബ്‌വെക്കെതിരെ വിജയം അനിവാര്യമാണ്. മോശം ഫോമിലുള്ള തിലക് വർമ്മയെ ടീമിൽ നിന്ന് മാറ്റുന്നതിന് പകരം ബാറ്റിംഗ് ഓർഡറിൽ നാലാം നമ്പറിലേക്ക് ഇറക്കാനാണ് പത്താൻ നിർദ്ദേശിക്കുന്നത്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 107 റൺസ് മാത്രം നേടിയ തിലകിന്റെ സ്ട്രൈക്ക് റേറ്റ് (118.88) ആശങ്കാജനകമാണെങ്കിലും, സഞ്ജുവിനെ ടോപ്പ് ഓർഡറിൽ പരീക്ഷിക്കുന്നത് ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്തും സന്തുലിതാവസ്ഥയും നൽകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ബൗളിംഗ് നിരയിലും നിർണ്ണായക മാറ്റങ്ങൾ പത്താൻ മുന്നോട്ടുവെക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന വാഷിംഗ്ടൺ സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടീമിലെത്തണം. പത്താൻ തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ ഇതാണ്: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
The post ‘തിലകിന് പകരമല്ല, സഞ്ജു വരേണ്ടത് മൂന്നാം നമ്പറിൽ’; സിംബാബ്‌വെക്കെതിരായ പോരാട്ടത്തിന് പ്ലേയിംഗ് ഇലവൻ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ appeared first on Express Kerala.



