
കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ ശ്രീമൂലനഗരത്ത് വെച്ച് 16 കിലോ കഞ്ചാവുമായും, മനൂർ ഹുസൈൻ (40) എന്നയാളെ കാഞ്ഞൂരിൽ നിന്ന് 6 കിലോ കഞ്ചാവുമായുമാണ് പോലീസ് സംഘം പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും സംയുക്തമായാണ് ഈ വൻ ലഹരിവേട്ട നടത്തിയത്.
Also Read: പെരുമ്പിലാവിലെ ബാറിൽ ഗുണ്ടാ വിളയാട്ടം; യുവാവിന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു, 37 തുന്നലുകൾ
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് നേരിട്ട് വാങ്ങിയ ലഹരിമരുന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിച്ച ശേഷം വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവർ. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് വെറും 3000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ്, കേരളത്തിൽ എത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് വിൽക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും യുവാക്കൾക്കിടയിലുമായിരുന്നു ഇവരുടെ പ്രധാന വിപണനം.
എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്.ഐമാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കടത്തിന് പിന്നിൽ കൂടുതൽ കണ്ണികൾ ഉണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ചട്ടപ്രകാരം ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
The post ഒഡീഷയിൽ നിന്ന് കഞ്ചാവുമായി കാലടിയിലേക്ക്; നാല് ഇതരസംസ്ഥാന തൊഴിലാളികൾ വലയിൽ appeared first on Express Kerala.



