
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കോഴിക്കോട് തിരുവള്ളൂരിലെ വീടിനുനേരെ വെള്ളിയാഴ്ച പുലർച്ചെ 2.37-ഓടെയാണ് ആക്രമണമുണ്ടായത്. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിതുൽ നിലവിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. അക്രമികൾ സ്‌ഫോടകവസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും മെഡിക്കൽ ബോർഡ് വിലയിരുത്തി.
Also Read: കാട്ടുപന്നിയെ വെടിവെച്ചതിന് കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. ആരോഗ്യനില കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് സാധിച്ചിരുന്നില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
The post മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു നേതാവിന്റെ വീടിനു നേരെ ബോംബേറ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Express Kerala.



