
കൊല്ലം: ദേശീയപാതയിലെ പുതിയ മേൽപാതയിൽ വിള്ളലും ചരിവും കണ്ടെത്തി. ചാത്തന്നൂർ തിരുമുക്കിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത മേൽപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതേതുടർന്ന് രണ്ട് ദിവസം മുൻപ് പാത പൂർണ്ണമായും അടച്ചു. തിരുമുക്ക് അടിപ്പാതയ്ക്ക് കിഴക്ക് വശത്ത് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലാണ് വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. പാതയുടെ ഒരു വശത്തേക്ക് പ്രകടമായ ചരിവ് സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വിള്ളലിലൂടെ മഴവെള്ളം ഇറങ്ങിയാൽ മേൽപാതയുടെ അടിത്തറ ഇളകാനും വലിയ അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന ഭീതിയിലാണ് പ്രദേശം. നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ തിരുമുക്കിലെ മേൽപാതയെക്കുറിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ചാത്തന്നൂർ ജംഗ്ഷനിലെ നിർമ്മാണത്തിലിരുന്ന ഭാഗം നേരത്തെ കുത്തിപ്പൊളിക്കേണ്ടി വന്നതും നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
The post തുറന്നുകൊടുത്ത് ദിവസങ്ങൾ മാത്രം; ചാത്തന്നൂരിലെ മേൽപാതയിൽ വിള്ളലും ചരിവും, പാത അടച്ചു appeared first on Express Kerala.



