
ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ സന്ദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സന്ദർശനങ്ങൾ ഉചിതമല്ലെന്ന നിലപാടിലാണ് എൻ.എസ്.എസ് നേതൃത്വം. കൂടാതെ, ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊതുജനങ്ങൾക്കും സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും എൻ.എസ്.എസ് വിശദീകരിക്കുന്നു.
ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ഔദ്യോഗിക യാത്രാപദ്ധതി പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ പെരുന്നയിലെ കോളേജ് ഗ്രൗണ്ടിലെത്തുന്ന ഉപരാഷ്ട്രപതി സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ പുതിയ ഷെഡ്യൂൾ പ്രകാരം സമാധി സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 2.45-ന് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന അദ്ദേഹം നേരിട്ട് കോളേജ് പരിപാടിയിലേക്ക് തിരിക്കും. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള അനുമതി മാത്രമാണ് എൻ.എസ്.എസിനോട് തേടിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Also Read: പൗരത്വ ആശങ്കകൾക്ക് പരിഹാരം; ചരിത്രപരമായ ‘നേറ്റിവിറ്റി കാർഡ്’ ബിൽ പാസ്സാക്കി കേരളം
സമാധി സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ മാത്രമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് എൻ.എസ്.എസിനെ ബന്ധപ്പെട്ടതെന്ന് അനൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ ഔദ്യോഗികമായ അറിയിപ്പുകൾ വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ സന്ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ പരിഹരിക്കാൻ ഉപരാഷ്ട്രപതിയുടെ ഓഫീസും എൻ.എസ്.എസ് നേതൃത്വവും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
The post മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻ.എസ്.എസ് appeared first on Express Kerala.



