
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പത്തൊൻപതാം സീസൺ മാർച്ച് 28-ന് ആരംഭിക്കും. നേരത്തെ മാർച്ച് 26-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് രണ്ട് ദിവസം നീട്ടിവെക്കാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. മെയ് 31-നാണ് ഫൈനൽ മത്സരം നടക്കുക. അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതിനാൽ പൂർണ്ണമായ മത്സരക്രമം പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് തീയതികൾ വരുന്നതനുസരിച്ച് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പ്രസിദ്ധീകരിക്കാനാണ് ബിസിസിഐയുടെ നീക്കം.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) പങ്കെടുക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ വേദിയെച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ കിരീടവിജയ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 ആരാധകർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി ആർസിബിയുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റിയേക്കും. നവി മുംബൈ, റായ്‌പൂർ, പുനെ എന്നീ നഗരങ്ങളാണ് പകരമായി പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തിവരികയാണ്.
Also Read: ജോർജിയ വോളിന് സെഞ്ചുറി; രണ്ടാം ഏകദിനത്തിലും തോൽവി, ഇന്ത്യക്ക് പരമ്പര നഷ്ടമായി
ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന മറ്റൊരു മാറ്റം മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതാണ്. സഞ്ജു ചെന്നൈ ജേഴ്‌സിയിൽ എത്തുന്ന ആദ്യ സീസൺ എന്ന പ്രത്യേകതയും 2026-ലെ ഐപിഎല്ലിനുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ ഹോം മത്സരങ്ങൾ തെരഞ്ഞെടുപ്പ് തീയതികൾക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതിനാൽ അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
The post ഐപിഎൽ പത്തൊൻപതാം സീസൺ മാർച്ച് 28-ന് തുടങ്ങും; ഫൈനൽ മെയ് 31-ന് appeared first on Express Kerala.



