
തിരുവനന്തപുരം നഗരൂർ ജംഗ്ഷന് സമീപം പൊലീസിന് നേരെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം സിനിമാ സ്റ്റൈലിൽ ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ പ്രവർത്തകർ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പൊലീസിനുനേരെ ഈ പരാക്രമം ഉണ്ടായത്. എന്നാൽ, പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നും മോശമായി പെരുമാറിയെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. സംഭവത്തിൽ എസ്.എച്ച്.ഒ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ നഗരൂർ സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
Also Read: ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെ പൊതുപരിപാടികൾ ഒഴിവാക്കി
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷൻ പരിസരത്ത് നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
The post പൊലീസിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാക്രമം; ജീപ്പ് തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു appeared first on Express Kerala.



