
കൊല്ലം ചിതറയിൽ മുൻ വാർഡ് മെമ്പറായ സിന്ധുവിന്റെയും മകൾ ലക്ഷ്മിയുടെയും മരണത്തിൽ നിലനിന്നിരുന്ന ദുരൂഹതകൾ നീങ്ങുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലക്ഷ്മിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ, മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മകളുടെ കഴുത്ത് ഷാൾ ഉപയോഗിച്ച് ഞെരിച്ചതായും തല തറയിലിടിപ്പിച്ച് ആന്തരികമായി പരിക്കേൽപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് ലഭിച്ച സിന്ധുവിന്റെ ആത്മഹത്യാക്കുറിപ്പിൽ “മകളെ ഞാൻ കൊണ്ടുപോകുന്നു” എന്ന് എഴുതിയിരുന്നത് ഈ കണ്ടെത്തലുകളെ ശരിവെക്കുന്നു.
കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ ദിവസമാണ് സിന്ധുവിനെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലും ലക്ഷ്മിയെ അബോധാവസ്ഥയിൽ തറയിൽ വീണുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്ഷ്മി നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് സിന്ധു മരിച്ചത്. സംഭവത്തിൽ ചിതറ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The post ചിതറയിലെ മരണം കൊലപാതകം; മകളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അമ്മ ജീവനൊടുക്കിയതെന്ന് സ്ഥിരീകരണം appeared first on Express Kerala.



