
ഒമാനിലെ വിനോദസഞ്ചാര-ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ജബൽ അഖ്ദറിലും മസീറ ദ്വീപിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഒമാൻ എയർപോർട്ട്‌സ് അതോറിറ്റി ഔദ്യോഗികമായി ടെൻഡറുകൾ ക്ഷണിച്ചു. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വിമാനത്താവളം വരുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ പദ്ധതിയുടെ സാങ്കേതിക പഠനങ്ങൾക്കായി പ്രത്യേക ടെൻഡറാണ് പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് മാർച്ച് 12 വരെ ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്.
മസീറ ദ്വീപിൽ പുതിയ പാസഞ്ചർ ടെർമിനലിന്റെ രൂപകൽപ്പനയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ യാത്രാവശ്യങ്ങൾക്കായി ഫെറികളെയും പരിമിതമായ വിമാന സർവീസുകളെയും മാത്രം ആശ്രയിക്കുന്ന മസീറ നിവാസികൾക്കും സന്ദർശകർക്കും ഈ പുതിയ വിമാനത്താവളം വലിയ ആശ്വാസമാകും. രാജ്യത്തെ വ്യോമയാന ശൃംഖല ശക്തമാക്കുന്നതിലൂടെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിൽ വലിയ മുന്നേറ്റമാണ് ഒമാൻ സർക്കാർ ലക്ഷ്യമിടുന്നത്.
The post വ്യോമയാന മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാൻ! പുതിയ വിമാനത്താവളങ്ങൾ വരുന്നു appeared first on Express Kerala.



