
തമിഴ് സിനിമാ ലോകത്തെ അനിഷേധ്യനായ സൂപ്പർതാരം വിജയ്‌ക്ക് രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കടുത്ത വെല്ലുവിളികൾ. തമിഴക വെട്രി കഴകം എന്ന പാർട്ടിയിലൂടെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന താരത്തിന് പൊതുജീവിതത്തിലും സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരേപോലെ തിരിച്ചടികൾ നേരിടേണ്ടി വരികയാണ്.
സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിലാണ്. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് നിലവിൽ മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററിലെത്തിക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമം വിജയിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു.
Also Read: സി.ഐ ആൻ്റോയായി സൈജു കുറുപ്പ്; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ആരം’ ചിത്രീകരണം പൂർത്തിയായി!
സിനിമാ-രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ വിജയ്‌യുടെ കുടുംബജീവിതത്തിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു. മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ഹർജിയിൽ സൂചിപ്പിക്കുന്നത്. ഏപ്രിൽ 20-ന് വിജയ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
വിജയ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച രാഷ്ട്രീയ റാലികളിൽ കനത്ത സുരക്ഷാവീഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടത് താരത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ സാരമായി ബാധിച്ചു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ വിജയ്‌യെ ചോദ്യം ചെയ്തു. ദുരന്തം കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചകളുണ്ടായെന്ന വിമർശനം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുകയാണ്. താരത്തിന്റെ വ്യക്തിജീവിതത്തിലെ വിവാദങ്ങൾ രാഷ്ട്രീയ എതിരാളികൾ സജീവ ചർച്ചയാക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ്‌ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
The post തിരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടികൾ; രാഷ്ട്രീയത്തിലും സിനിമയിലും ഒരേപോലെ കുരുക്കിലായി സൂപ്പർതാരം വിജയ് appeared first on Express Kerala.



