
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ കന്നി കിരീടമെന്ന സ്വപ്നത്തിലേക്ക് ബാറ്റുവീശുന്ന ജമ്മു കശ്മീർ ടീമിന് ആവേശം പകരാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരിട്ടെത്തുന്നു. കർണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിന്റെ നിർണ്ണായകമായ അവസാന ദിനം ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹുബ്ലിയിലെ കെ.എസ്.സി.എ ഗ്രൗണ്ടിൽ എത്തുമെന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു.
ഫൈനലിൽ എത്തിയതിലൂടെ തന്നെ താരങ്ങൾ സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയെന്നും, ഗാലറിയിലിരുന്ന് അവർക്കായി ആർപ്പുവിളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറിച്ചു. ഭരണാധികാരിയുടെ ഈ സാന്നിധ്യം ചരിത്രനേട്ടത്തിന്റെ വക്കിൽ നിൽക്കുന്ന കശ്മീർ താരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. മത്സരത്തിൽ നിലവിൽ വ്യക്തമായ ആധിപത്യം പുലർത്തുന്ന ജമ്മു കശ്മീർ കിരീടത്തിന് തൊട്ടരികിലാണ്. ഒന്നാം ഇന്നിംഗ്സിൽ 584 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ കശ്മീർ, മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയെ 293 റൺസിന് എറിഞ്ഞൊതുക്കി 291 റൺസിന്റെ പടുകൂറ്റൻ ലീഡ് സ്വന്തമാക്കി.
സീസണിലെ മിന്നും ഫോം തുടരുന്ന പേസർ ആഖിബ് നബി 5 വിക്കറ്റുകൾ വീഴ്ത്തി കർണാടകയുടെ നട്ടെല്ലൊടിച്ചു. നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന സുരക്ഷിത നിലയിലാണ് കശ്മീർ. 94 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഖമ്രാൻ ഇക്ബാലാണ് കശ്മീരിന്റെ ലീഡ് ഉയർത്തിയത്. വലിയ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ, ക്യാപ്റ്റൻ പരസ് ദോഗ്രയുടെ കീഴിൽ ജമ്മു കശ്മീർ ഇന്ന് രഞ്ജി ട്രോഫിയിൽ കന്നി മുത്തമിടും.
The post ചരിത്രമെഴുതാൻ ജമ്മു കശ്മീർ; രഞ്ജി ഫൈനലിൽ ആവേശം പകരാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരിട്ടെത്തുന്നു appeared first on Express Kerala.



