
മേഖലയിൽ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ മാറിനിൽക്കണമെന്നും അവയുടെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ ശ്രമിക്കരുതെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികൾ സുഗമമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇറാനിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ഉണ്ടായ മിസൈൽ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. എങ്കിലും മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Also Read: യുദ്ധഭീതിയിൽ പശ്ചിമേഷ്യ: കുവൈത്ത് വ്യോമപാത അടച്ചു; രാജ്യത്തെങ്ങും അപായ സൈറണുകൾ
രാജ്യത്തെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻസിഇഎംഎ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ ഏജൻസികൾ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The post യുഎഇയിൽ അതീവ ജാഗ്രത! മിസൈൽ അവശിഷ്ടങ്ങൾക്ക് അടുത്തേക്ക് പോകരുതെന്ന് കർശന നിർദ്ദേശം appeared first on Express Kerala.



