
തന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പടരുന്ന വാർത്തകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷോയിബ് മാലിക് രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ താരം, തന്റെ രണ്ടാം ഭാര്യ സന ജാവേദിനെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി വ്യാജവാർത്തകൾ ചമയ്ക്കുന്നവർ കുടുംബങ്ങളെ തകർക്കുകയാണെന്ന് ഷോയിബ് ആരോപിച്ചു. ഇത്തരം കെട്ടിച്ചമച്ച കഥകളോട് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും തന്റെ മകൻ ഇപ്പോൾ ഇതൊക്കെ വായിക്കാൻ പ്രായമുള്ള കുട്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി പ്രചരിപ്പിക്കുന്ന നുണക്കഥകൾ തന്റെ പ്രിയപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Also Read: ലോകകപ്പിലെ താരം ആര്? ശ്രീകാന്തിന്റെ പ്രവചനത്തിൽ അഞ്ച് പേർ; ലിസ്റ്റിൽ ഒരു ഇന്ത്യൻ താരം മാത്രം
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും താരം ഇതാദ്യമായി പരസ്യമായി പ്രതികരിച്ചു. 2023-ന്റെ തുടക്കത്തിൽ തന്നെ സാനിയയുമായി പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതായും, മകന്റെ കാര്യങ്ങൾ സംയുക്തമായി നോക്കിനടത്താനാണ് തീരുമാനിച്ചതെന്നും ഷോയിബ് മാലിക് വ്യക്തമാക്കി. അതിനുശേഷമാണ് സന ജാവേദിനെ വിവാഹം കഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്വകാര്യതയെ മാനിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, എല്ലാവർക്കും ഉള്ളതുപോലെ തനിക്കും ഒരു കുടുംബമുണ്ടെന്നും ഉത്തരവാദിത്തത്തോടെ പെരുമാറാൻ മറ്റുള്ളവർ പഠിക്കണമെന്നും ഷോയിബ് മാലിക് മുന്നറിയിപ്പ് നൽകി.
The post മൂന്നാം വിവാഹം വെറും നുണക്കഥ; വ്യാജ പ്രചരണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഷോയിബ് മാലിക് appeared first on Express Kerala.



