
കെജിഎഫിന് ശേഷം സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന യാഷ് ചിത്രം ‘ടോക്സിക്’ ആവേശകരമായ പുതിയ ഘട്ടത്തിലേക്ക്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും ഇതിനോടകം തന്നെ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ ടാറ്റൂകളാൽ അലങ്കരിച്ച പരുക്കൻ ലുക്കിലുള്ള യാഷിന്റെ ‘ബാഡാസ്’ വൈബ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടക്കത്തിൽ പുറത്തിറങ്ങിയ ടീസറിലെ ചില രംഗങ്ങൾ വിമർശനങ്ങൾ നേരിട്ടുവെങ്കിലും, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും വയലൻസും നിറഞ്ഞ പുതിയ ടീസർ ആരാധകരുടെ പ്രതീക്ഷകൾ പതിന്മങ്ങ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലായിരിക്കും എത്തുക എന്ന സൂചനകളും പുതിയ ടീസർ നൽകുന്നുണ്ട്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിങ്ങനെ വമ്പൻ വനിതാ താരനിരയെ മുൻനിരയിൽ നിർത്തിക്കൊണ്ടാണ് ഗീതു മോഹൻദാസ് ഈ ടോക്സിക് ലോകത്തെ ആദ്യം പരിചയപ്പെടുത്തിയത്. കഥാപാത്രങ്ങൾക്കും ആഖ്യാനത്തിനും ഏറെ മുൻതൂക്കം നൽകുന്ന ചിത്രത്തിൽ ‘റായ’ എന്ന കഥാപാത്രമായി യാഷ് എത്തുമ്പോൾ അത് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാകുമെന്നാണ് കരുതപ്പെടുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുള്ള ടോക്സിക്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിലാണ് റിലീസിനെത്തുന്നത്. രാജീവ് രവിയുടെ ഛായാഗ്രഹണവും രവി ബസ്രൂറിന്റെ സംഗീതവും ചിത്രത്തിന് കരുത്തേകുന്നു. ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ് എന്നിവർ ചേർന്ന് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് നിലവാരത്തിലുള്ളതാണ്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിൽ എത്തും. പ്രതീഷ് ശേഖർ ആണ് ചിത്രത്തിന്റെ പിആർഒ.
The post കാത്തിരിപ്പിന് വിരാമം; യാഷിന്റെ ‘ടോക്സിക്’ ആദ്യ ഗാനം നാളെ! ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ അപ്‌ഡേറ്റ് appeared first on Express Kerala.



