
ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തെ അതിശക്തമായ ഭാഷയിൽ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം. സ്വരാജ് രംഗത്തെത്തി. ലോകത്തെ വീണ്ടും അശാന്തിയിലേക്ക് തള്ളവിടുന്ന സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യർ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊന്നൊടുക്കപ്പെടുന്നത് സ്ത്രീകളും കുഞ്ഞുങ്ങളും നിസ്സഹായരായ മനുഷ്യരുമാണെന്നും, അന്തിമമായി എല്ലാ യുദ്ധങ്ങളിലും മനുഷ്യനും മനുഷ്യത്വവുമാണ് പരാജയപ്പെടുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതുമായ വാർത്തകൾ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ലോകത്താദ്യമായി ആണവായുധം പ്രയോഗിച്ചവരും ഇപ്പോഴും വലിയ ആണവശേഖരം കൈവശം വെച്ചിരിക്കുന്നവരും, ഇറാൻ ആണവായുധം നിർമ്മിച്ചേക്കാം എന്നാരോപിച്ച് ആക്രമണം നടത്തുന്നത് ക്രൂരമായ ഫലിതമാണ്. അമേരിക്കയും ഇസ്രയേലും ഇറാന്റെ മാത്രമല്ല, മനുഷ്യവംശത്തിന്റെ ആകെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ചോറ്റാനിക്കര മകം തൊഴലിന് നാളെ തുടക്കം; വിപുലമായ സുരക്ഷാ സജ്ജീകരണം
യുദ്ധഭീകരതയ്‌ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണമെന്നും മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിന് വഴികാട്ടണമെന്നും സ്വരാജ് പറഞ്ഞു. കൊല്ലപ്പെടുന്ന ഓരോ മനുഷ്യനും നമ്മുടെ സഹോദരങ്ങളാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലോകത്തിന് മുന്നിൽ ലജ്ജിക്കണമെന്നും, സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post യുദ്ധത്തിൽ പരാജയപ്പെടുന്നത് മനുഷ്യത്വമാണ്! സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക: എം. സ്വരാജ് appeared first on Express Kerala.



