
ലോകം ഇന്ന് ഒരു രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിലാണോ? മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്ന വാർത്തകൾ അത്രമേൽ ഭീതിജനകമാണ്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, അത് ഒരു രാജ്യത്തിന്റെ മാത്രം തകർച്ചയല്ല, മറിച്ച് ആഗോള രാഷ്ട്രീയ ക്രമത്തിന്റെ തന്നെ ഗതിമാറ്റമാണ്. ഇറാന്റെ ആകാശത്ത് യുദ്ധവിമാനങ്ങൾ മരണത്തിന്റെ നിഴൽ വീഴ്ത്തുമ്പോൾ, ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഇറാനിലെ അധികാര സിരാകേന്ദ്രങ്ങളിലേക്കാണ്. എന്നാൽ ഈ ചോരയും നീരും നിറഞ്ഞ യുദ്ധവാർത്തകൾക്കിടയിൽ, ചരിത്രത്തിന്റെ താളുകളിൽ നിന്ന് ഒരു അപൂർവ്വ സത്യം വീണ്ടും ചർച്ചകളിലേക്ക് ഉയരുകയാണ്.
ഇറാനെ ഇസ്ലാമിക് റിപ്പബ്ലിക്കായി മാറ്റിയ, സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ച ആ വിപ്ലവത്തിന്റെ ആശയപരമായ അടിത്തറയ്ക്ക് ഇന്ത്യയുടെ മണ്ണുമായി ഒരു ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? കേൾക്കുമ്പോൾ അതിശയിപ്പിക്കുന്ന ഈ ചരിത്രസത്യം ഇന്ന് വീണ്ടും പ്രസക്തമാകുകയാണ്. ഇറാന്റെ വിപ്ലവനായകൻ ആയത്തുള്ള ഖൊമേനിയുടെ പൂർവ്വികരുടെ ചരിത്രം തേടിപ്പോയാൽ നമ്മൾ ചെന്നെത്തുന്നത് ഉത്തർപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മിഡിൽ ഈസ്റ്റിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ആ വിപ്ലവവീര്യം എങ്ങനെയാണ് ഗംഗാതടത്തിൽ നിന്നും പേർഷ്യൻ തീരങ്ങളിലെത്തിയത്?
ഇറാനിയൻ റെവല്യൂഷന്റെ പിതാവ് എന്നറിയപ്പെടുന്ന നേതാവിന്റെ പേരിലുള്ള ‘ഹിന്ദി’ എന്ന മുദ്രയ്ക്ക് പിന്നിലെ നിഗൂഢതയെന്താണ്? പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പുതിയ അധ്യായങ്ങൾ തുറക്കപ്പെടുമ്പോൾ, ഇന്ത്യയും ഇറാനും തമ്മിലുള്ള ഈ അപ്രതീക്ഷിത ചരിത്രബന്ധം ലോകത്തിന് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി മാറുന്നു. ഇറാന്റെ പോരാട്ടവീര്യത്തിന് പിന്നിലെ ആ ‘ഇന്ത്യൻ കണക്ഷനെ’ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്…
ഖമേനിയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം സാമൂഹ്യമാധ്യമങ്ങളിൽ പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചെങ്കിലും, ഒരു പ്രധാന വസ്തുത വ്യക്തമാണ്, നിലവിലെ പരമോന്നത നേതാവായ അലി ഖമേനിക്കു ഇന്ത്യയുമായി നേരിട്ടുള്ള പൂർവ്വികബന്ധമില്ല. അദ്ദേഹം ഇറാനിലെ ഷിയ പണ്ഡിതപരമ്പരയിൽ വേരൂന്നിയ ഒരു മതകുടുംബത്തിൽ നിന്നാണ് വന്നത്. എന്നാൽ ഇന്നത്തെ ഇറാനിയൻ രാഷ്ട്രത്തിന്റെ ആശയപരവും രാഷ്ട്രീയപരവുമായ അടിത്തറ സ്ഥാപിച്ച ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ കുടുംബചരിത്രം ഇന്ത്യയിലേക്കാണ് നയിക്കുന്നത്. അതുവഴിയാണ് ഇന്ത്യയും ഇറാനും തമ്മിലുള്ള ഈ അപൂർവ ചരിത്രബന്ധം രൂപപ്പെട്ടത്.
ഉത്തർപ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള കിന്റൂർ എന്ന ചെറിയ ഗ്രാമമാണ് ഈ കഥയുടെ തുടക്കം. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഷിയ മതപഠനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. ഇവിടെ ജനിച്ച സയ്യിദ് അഹമ്മദ് മുസാവി, പിന്നീട് ഇറാന്റെ വിപ്ലവനേതാവായ റുഹുള്ള ഖൊമേനിയുടെ മുത്തച്ഛനായിരുന്നു. ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു പുരോഹിത കുടുംബത്തിൽപ്പെട്ട മുസാവി, ബ്രിട്ടീഷ് അധിനിവേശവും മുഗൾ ഭരണത്തിന്റെ ക്ഷയവും നടക്കുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു. ഇന്ത്യയിൽ മതപഠനത്തിലും ആത്മീയ പ്രവർത്തനങ്ങളിലും പങ്കെടുത്ത അദ്ദേഹം പിന്നീട് ഒരു തീർത്ഥാടന യാത്രയായി ഇറാഖിലെ നജാഫിലേക്കു പോയതോടെയാണ് ചരിത്രത്തിന്റെ ദിശ മാറിയത്.

1830ഓടെ നജാഫിലേക്കുള്ള യാത്ര സ്ഥിരമായ കുടിയേറ്റമായി മാറി. പിന്നീട് അദ്ദേഹം ഇറാനിലെ ഖൊമേൻ എന്ന പട്ടണത്തിൽ താമസം ആരംഭിക്കുകയും കുടുംബം സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യൻ വംശപരമായ അടയാളമായി “ഹിന്ദി” എന്ന വിശേഷണം അദ്ദേഹം ജീവിതകാലം മുഴുവൻ നിലനിർത്തിയതായി ഇറാനിയൻ ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. 1869ൽ കർബലയിൽ അദ്ദേഹം അന്തരിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആത്മീയ പാരമ്പര്യം തലമുറകളിലൂടെ തുടരുകയും പിന്നീട് ഇറാന്റെ രാഷ്ട്രീയ ചരിത്രത്തെ സ്വാധീനിക്കുകയും ചെയ്തു.
1902ൽ ജനിച്ച റുഹുള്ള ഖൊമേനി, ഈ പാരമ്പര്യത്തിന്റെ ഏറ്റവും സ്വാധീനമുള്ള പിൻഗാമിയായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അദ്ദേഹം ഇറാനിലെ പാശ്ചാത്യ അനുകൂല ഭരണാധികാരിയായിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ശക്തമായ വിമർശകനായി ഉയർന്നു. മതേതരവൽക്കരണവും വിദേശ സ്വാധീനവും അധികാര കേന്ദ്രീകരണവും എതിർത്ത ഖൊമേനി, വർഷങ്ങളോളം പ്രവാസത്തിലായിരുന്നെങ്കിലും തന്റെ ആശയങ്ങൾ ഉപേക്ഷിച്ചില്ല. 1979ലെ ജനകീയ പ്രതിഷേധങ്ങൾ ഷായുടെ ഭരണത്തെ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം ഇറാനിലേക്ക് മടങ്ങി, ഇസ്ലാമിക് വിപ്ലവത്തിന് നേതൃത്വം നൽകി, ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. അതിലൂടെ ഇറാന്റെ ഭരണഘടന, നിയമവ്യവസ്ഥ, വിദേശനയം എന്നിവ അടിസ്ഥാനപരമായി മാറി.
ഖൊമേനിയുടെ ചിന്തകളിൽ അദ്ദേഹത്തിന്റെ കുടുംബപരമ്പരയും ആത്മീയ പാരമ്പര്യവും നിർണായക സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഷിയ ആത്മീയത, അനീതിക്കെതിരായ ചെറുത്തുനിൽപ്പ്, സാമൂഹിക നീതി എന്നീ ആശയങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വചിന്തയുടെ കേന്ദ്രമായിരുന്നു. വ്യക്തിപരമായ ജീവിതത്തിലും ലളിതത്വം പാലിച്ച ഖൊമേനി, അധികാരത്തിന്റെ ആഡംബരങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവായി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ചില കവിതകളിലും എഴുത്തുകളിലും “ഹിന്ദ്” എന്ന പരാമർശം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഇന്ത്യൻ വേരുകളെ ഓർമ്മിപ്പിക്കുന്ന ഒരു സൂക്ഷ്മ സൂചനയായി.
1989ൽ ഖൊമേനി മരണപ്പെട്ടതിനു ശേഷം അലി ഖമേനി ഇറാന്റെ പരമോന്നത നേതാവായി അധികാരമേൽക്കുകയായിരുന്നു. രക്തബന്ധമില്ലെങ്കിലും, ഖൊമേനി രൂപപ്പെടുത്തിയ രാഷ്ട്രീയ സംവിധാനമാണ് അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചത്. ഇന്ന് ഖമേനിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, ആ സംവിധാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ലോകം ഉയർത്തുന്നത്. ഒരു ചെറിയ ഇന്ത്യൻ ഗ്രാമത്തിൽ ആരംഭിച്ച ആത്മീയ പാരമ്പര്യം പിന്നീട് ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിപ്ലവമായി മാറിയെന്നതാണ് ഈ ചരിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
മിസൈൽ ആക്രമണങ്ങളും ഭൂരാഷ്ട്രീയ സംഘർഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ നിന്ന് ഏറെ അകലെയായിരിക്കാം കിന്റൂർ ഗ്രാമം. എന്നാൽ നൂറ്റാണ്ടുകൾ മുമ്പ് ആരംഭിച്ച കുടിയേറ്റങ്ങളും ആശയങ്ങളുമാണ് ഇന്നത്തെ ഇറാന്റെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ രൂപപ്പെടുത്തിയതെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. ചരിത്രം പലപ്പോഴും യുദ്ധഭൂമികളിൽ തുടങ്ങുന്നില്ല മറിച്ച് ശാന്തമായ ഗ്രാമങ്ങളിലോ ആത്മീയ യാത്രകളിലോ ആരംഭിച്ച് പിന്നീട് ലോക രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുന്ന ശക്തിയായി വളരുന്നതാണ് എന്ന സത്യത്തിന്റെ തെളിവാണ് ഈ ഇന്ത്യൻ-ഇറാനിയൻ ബന്ധത്തിന്റെ കഥ.
The post ആയത്തുള്ള ഖൊമേനിയും ഉത്തർപ്രദേശിലെ ഈ ഗ്രാമവും തമ്മിലുള്ള ബന്ധമെന്ത്? ഇറാന്റെ വിപ്ലവവീര്യത്തിന് പിന്നിലെ ‘ഇന്ത്യൻ’ രഹസ്യം! appeared first on Express Kerala.



