loader image
പൊങ്കാലയ്ക്ക് ആറ്റുകാൽ ഒരുങ്ങി; ആരോഗ്യ സേവനങ്ങളുമായി കൺട്രോൾ റൂമുകൾ, ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം

പൊങ്കാലയ്ക്ക് ആറ്റുകാൽ ഒരുങ്ങി; ആരോഗ്യ സേവനങ്ങളുമായി കൺട്രോൾ റൂമുകൾ, ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തലക്ഷങ്ങൾക്ക് വിപുലമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിച്ചു വരുന്ന അന്തരീക്ഷ താപനില കണക്കിലെടുത്ത് സൂര്യാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക മെഡിക്കൽ ടീമുകളെയും സൗകര്യങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

പൊങ്കാല പ്രമാണിച്ച് പത്ത് പ്രധാന പോയിന്റുകളിൽ മെഡിക്കൽ ടീമിനെയും ആംബുലൻസുകളെയും നിയോഗിച്ചു. രാവിലെ 5 മണി മുതൽ പൊങ്കാല തീരുന്നത് വരെ പത്ത് കേന്ദ്രങ്ങളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാകും. തിരക്കേറിയ ഇടങ്ങളിൽ വേഗത്തിൽ വൈദ്യസഹായമെത്തിക്കാൻ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവ സജ്ജമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും കളക്ടറേറ്റിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.

Also Read: വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ ട്രിപ്പുകൾ!

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തൈക്കാട് ആശുപത്രി, ഫോർട്ട് ആശുപത്രി, ഐരാണിമുട്ടം സി.എച്ച്.സി എന്നിവിടങ്ങളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കായി 10 കിടക്കകൾ വീതം മാറ്റിവെച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തണൽ ലഭ്യമാക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ കൂളറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.

See also  യുദ്ധഭീതിയിൽ ആകാശം; നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, ഗൾഫ് യാത്രക്കാർ ദുരിതത്തിൽ

ശുചിത്വമുള്ള ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനകൾ നടത്തുന്നുണ്ട്. അന്നദാനത്തിന് രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇതുവരെ 187 പേർ രജിസ്റ്റർ ചെയ്തു. പരിശോധനകൾക്കായി ഫുഡ് സേഫ്റ്റി ഓൺ വീൽസ് മൊബൈൽ ലാബും ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകളും സജീവമാണ്. നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. തലകറക്കം, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും മെഡിക്കൽ ടീമിന്റെ സഹായം തേടുകയും വേണം.

The post പൊങ്കാലയ്ക്ക് ആറ്റുകാൽ ഒരുങ്ങി; ആരോഗ്യ സേവനങ്ങളുമായി കൺട്രോൾ റൂമുകൾ, ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close