
അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും സെമികണ്ടക്ടർ മേഖലയിൽ ഹുവാവേ കൈവരിച്ച അവിശ്വസനീയമായ മുന്നേറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇന്റൽ സിഇഒ ലിപ്-ബു ടാൻ. ഇന്റലിന്റെ രണ്ടാം വാർഷിക AI ഉച്ചകോടിയിലാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ലോകത്തിലെ ഏറ്റവും നൂതനമായ ചിപ്പ് നിർമ്മാണ ഉപകരണങ്ങളിൽ നിന്നും ഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ നിന്നും ഒറ്റപ്പെട്ടിട്ടും, ഹുവാവേ നൂറിലധികം ഉന്നത സിപിയു ആർക്കിടെക്റ്റുകളെ നിശബ്ദമായി ഒന്നിപ്പിച്ചുവെന്നും തന്റേതായ രീതിയിൽ അത്യാധുനിക ചിപ്പുകൾ വികസിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ഉപകരണങ്ങൾ ലഭ്യമല്ലെങ്കിലും സ്വന്തം വഴികളിലൂടെ മുന്നേറാനുള്ള ചൈനീസ് എഞ്ചിനീയർമാരുടെ ആത്മവിശ്വാസം തന്നെ പ്രഭാവത്തിലാഴ്ത്തിയെന്ന് ടാൻ പറഞ്ഞു. അമേരിക്ക ഉപരോധം മൂലം ആക്സസ് ചെയ്യാൻ കഴിയാത്ത ASML ലിത്തോഗ്രാഫി ഉപകരണങ്ങൾക്ക് പകരം നിശബ്ദമായി ബദലുകൾ നിർമ്മിക്കുകയാണ് ചൈന. 2-നാനോമീറ്റർ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിൽ അമേരിക്ക മുന്നിലാണെങ്കിലും, നിലവിലുള്ള 7-നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിന്ന് സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനിലൂടെ പരമാവധി പ്രകടനം പുറത്തെടുക്കാൻ ചൈനയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read: റിയൽമി സി100 5ജി ഉടൻ എത്തും; ആമസോൺ ലിസ്റ്റിംഗിലൂടെ സവിശേഷതകൾ പുറത്ത്
ഹുവാവേയ്ക്ക് പുറമെ ‘ഡീപ്സീക്ക്’ പോലുള്ള ചൈനീസ് AI മോഡലുകളുടെ ഉദയം അമേരിക്ക ടെക് വ്യവസായത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഓപ്പൺ സോഴ്‌സ് AI വികസനത്തിൽ അമേരിക്കൻ ഇപ്പോൾ ചൈനയേക്കാൾ പിന്നിലാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ചൈനയിലെ ഭരണപരമായ വേഗതയും അംഗീകാരങ്ങൾ വേഗത്തിൽ ലഭിക്കുന്ന സാഹചര്യവും അമേരിക്കയിലെ മന്ദഗതിയിലുള്ള സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. പ്രത്യേകിച്ച് AI ഡാറ്റാ സെന്ററുകൾക്കായുള്ള പവർ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണത്തിൽ ചൈന ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വയംപര്യാപ്തതയിലേക്ക് നിർബന്ധിതരായ ഹുവാവേ ഇന്ന് രണ്ട് ലക്ഷത്തിലധികം ജീവനക്കാരുള്ള വമ്പൻ ശക്തിയായി വളർന്നിരിക്കുകയാണ്. ഫെബ്രുവരി 26-ന് മാഡ്രിഡിൽ നടക്കുന്ന ഉൽപ്പന്ന ലോഞ്ചിൽ പുതിയ ‘കിരിൻ’ ചിപ്‌സെറ്റ് അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. ചൈനീസ് കമ്പനികളുടെ ഈ വളർച്ചയിൽ അമേരിക്ക അലംഭാവം കാണിക്കരുതെന്നും, വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അവർ സാങ്കേതിക വിദ്യയിൽ ലോകത്തെ മറികടക്കുമെന്നും വ്യക്തമായ സന്ദേശമാണ് ലിപ്-ബു ടാൻ നൽകുന്നത്.
The post “ഹുവാവേ നമ്മെ ഞെട്ടിക്കുന്നു, ചൈനീസ് കരുത്തിനെ കുറച്ചുകാണരുത്”; ഇന്റൽ സിഇഒ ലിപ്-ബു ടാൻ നൽകുന്ന മുന്നറിയിപ്പ് appeared first on Express Kerala.



