
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ അമേരിക്കയും ഇസ്രയേലും ചേർന്ന് മാസങ്ങൾ നീണ്ട അതീവ രഹസ്യ നീക്കങ്ങളാണ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഐഎയുടെ നേതൃത്വത്തിൽ ഖമേനിയുടെ ഓരോ നീക്കങ്ങളും മാസങ്ങളോളം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഈ ദൗത്യം നടപ്പിലാക്കിയത്.
ഫെബ്രുവരി 28-ന് ഇറാനിലെ ഉന്നത സൈനിക മേധാവികളുമായും ഉപദേശകരുമായും ഖമേനി കൂടിക്കാഴ്ച നടത്തുമെന്ന് സിഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 28-ന് വൈകുന്നേരം നിശ്ചയിച്ചിരുന്ന ഈ യോഗം അപ്രതീക്ഷിതമായി അന്ന് രാവിലെ തന്നെ നടത്താൻ ഇറാൻ തീരുമാനിച്ചു. ഇതറിഞ്ഞ അമേരിക്ക-ഇസ്രയേൽ സഖ്യം തങ്ങളുടെ ആക്രമണ പദ്ധതി വേഗത്തിലാക്കുകയായിരുന്നു.
Also Read: ഇറാനിൽ പുതിയ നേതൃത്വം; ഇടക്കാല ചുമതലയേറ്റെടുത്ത് അയത്തൊള്ള അലിറേസ അറാഫി
ഇസ്രയേൽ സമയം പുലർച്ചെ ആറ് മണിയോടെ ലോങ്ങ് റേഞ്ച് മിസൈലുകൾ വഹിച്ച യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ നിന്ന് പറന്നുയർന്നു. ഇറാൻ സമയം രാവിലെ 9:40-ഓടെ ഖമേനിയുടെ കൊട്ടാരത്തിന് നേരെ ഈ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം അപ്രസക്തമാക്കിയ ഈ മിന്നലാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ പിന്നീട് സ്ഥിരീകരിച്ചു.
ആക്രമണം നടന്ന ആദ്യ മണിക്കൂറിൽ തന്നെ ഖമേനി കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഡ്രോണുകളും അത്യാധുനിക ജെറ്റുകളും ഉപയോഗിച്ചാണ് കൊട്ടാര സമുച്ചയം തകർത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഖമേനിയുടെ വധത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
The post ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു appeared first on Express Kerala.



