
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഇസ്രയേൽ-അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ജിസിസി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ശക്തമായ വ്യോമാക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച മാത്രം വിവിധ ജിസിസി രാജ്യങ്ങളിലെ ഏഴ് പ്രധാന വിമാനത്താവളങ്ങളിൽ നിന്നായി ഏകദേശം 3,400 സർവീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം വിമാനത്താവളങ്ങൾ നിലവിൽ നിശ്ചലമായ അവസ്ഥയിലാണ്.
പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ നിർത്തിവെച്ചതായി അറിയിച്ചു. എത്തിഹാദ് എയർവേയ്‌സും താൽക്കാലികമായി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ തങ്ങൾ വഹിക്കുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. വിമാനങ്ങളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം മാത്രം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടാൽ മതിയെന്നും അധികൃതർ നിർദ്ദേശിച്ചു.
Also Read: പ്രഹരം നേരിടാൻ തയ്യാറായിക്കോ! ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ
മിസൈൽ ആക്രമണ ഭീഷണി കണക്കിലെടുത്ത് യുഎഇയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയായി മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ , ഐഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും ഭരണകൂടം തീരുമാനിച്ചു.
The post ഗൾഫ് ആകാശം നിശ്ചലം; ഒറ്റദിവസം റദ്ദാക്കിയത് 3,400 വിമാനങ്ങൾ appeared first on Express Kerala.



