
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥിപ്പട്ടിക ചർച്ച ചെയ്യുന്നതിനിടെ കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ വികാരാധീനയായി സംസാരിച്ചു. നിലവിലെ ഭൂരിഭാഗം എം.എൽ.എമാർക്കും മന്ത്രിമാർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെ മാത്രം എന്തിന് മാറ്റിനിർത്തുന്നു എന്നതായിരുന്നു ശൈലജയുടെ ചോദ്യം. മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അവർ, തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചു.
ശൈലജയുടെ ശക്തമായ നിലപാടിനെത്തുടർന്ന് അവരെ മത്സരിപ്പിക്കാൻ യോഗത്തിൽ ധാരണയായി. മട്ടന്നൂരിന് പകരം പേരാവൂർ മണ്ഡലത്തിലാകും ശൈലജ ജനവിധി തേടുക എന്നാണ് സൂചന. നേരത്തെ പേരാവൂരിലേക്ക് ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ പേരായിരുന്നു പരിഗണിച്ചിരുന്നത്. അതേസമയം, തളിപ്പറമ്പ് മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്ന് ഉറപ്പായി. പകരം അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായ പി.കെ. ശ്യാമളയാകും സ്ഥാനാർഥി.
Also Read: നിലപാട് തിരുത്തി ആർ. ശ്രീലേഖ; ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും
പ്രമുഖരായ പല മുതിർന്ന നേതാക്കളെയും ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാൻ സി.പി.എം തീരുമാനിച്ചു. മുൻ മന്ത്രിമാരായ തോമസ് ഐസക്, എം.എം. മണി എന്നിവർ ഇത്തവണ സ്ഥാനാർഥികളാവില്ല. ഉടുമ്പൻചോലയിൽ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. കൂടാതെ എം. സ്വരാജ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, ഇ.പി. ജയരാജൻ തുടങ്ങിയ പ്രമുഖ നേതാക്കളെയും ഇത്തവണ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
The post “എന്നെ മാത്രം എന്തിന് മാറ്റിനിർത്തുന്നു?” സെക്രട്ടേറിയറ്റ് യോഗത്തിൽ വികാരാധീനയായി കെ.കെ. ശൈലജ appeared first on Express Kerala.



