
ഇസ്രയേൽ-അമേരിക്ക വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, തന്നെ വധിക്കാൻ ഖമേനി മുൻപ് രണ്ട് തവണ ശ്രമിച്ചിരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എബിസി ന്യൂസ് ചീഫ് അമേരിക്കൻ കറസ്പോണ്ടന്റ് ജോനാഥൻ കാളുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്നെ വധിക്കാൻ ഖമേനി കരുനീക്കം നടത്തുന്നതിന് മുൻപ് തന്നെ താൻ അദ്ദേഹത്തെ വകവരുത്തിയെന്നും, ഇസ്രയേലുമായി ചേർന്ന് നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് ഇത് സാധ്യമായതെന്നും ട്രംപ് അവകാശപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളാണ് ഖമേനിയെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ മരണം ലോകമെമ്പാടുമുള്ള നിരപരാധികൾക്ക് ലഭിച്ച നീതിയാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്നും ഇറാന്റെ ക്രൂരമായ ഭരണകൂടത്തെ താഴെയിറക്കാൻ ഇറാനിയൻ ജനതയ്ക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനിലെ പള്ളിക്ക് മുകളിൽ പ്രതികാരത്തിന്റെ പ്രതീകമായ ചെങ്കൊടി ഉയർത്തിയതും മേഖലയിൽ വലിയ സംഘർഷ സാധ്യത നിലനിർത്തുന്നുണ്ട്.
Also Read: ഇറാനെ തകർക്കാൻ ബ്രിട്ടീഷ് താവളങ്ങൾ! അമേരിക്കയ്ക്ക് അനുമതി നൽകി പ്രധാനമന്ത്രി കെയർ സ്റ്റാമർ
2024-ൽ താൻ നേരിട്ട രണ്ട് വധശ്രമങ്ങൾക്ക് പിന്നിലും ഇറാന്റെ കരങ്ങളുണ്ടെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെ ട്രംപിന് വെടിയേറ്റതും, സെപ്റ്റംബറിൽ ഗോൾഫ് കോഴ്‌സിൽ വെച്ച് തോക്കുമായി ഒരാൾ പിടിയിലായതും വലിയ വാർത്തയായിരുന്നു. ട്രംപിനെ വധിക്കാൻ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് ഗൂഢാലോചന നടത്തിയെന്നും ഇതിനായി ഫർഹാദ് ഷാക്കേരി എന്ന അഫ്ഗാൻ പൗരനെ നിയോഗിച്ചെന്നും അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇറാൻ ഭരണകൂടം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
ഖമേനിയുടെ മരണശേഷം മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്നതും, അമേരിക്ക ഒൻപത് ഇറാനിയൻ കപ്പലുകൾ മുക്കിയതും സംഘർഷം വർദ്ധിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭാ സമിതി അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഖമേനിയുടെ പിൻഗാമിയായി ആര് വരുമെന്നതും, അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന പ്രധാന കാര്യങ്ങളാണ്.
The post “കളി തുടങ്ങിയത് ഖമേനി, അവസാനിപ്പിച്ചത് ഞാനും”; തന്നെ കൊല്ലാൻ വന്ന ഖമേനിയെ വീഴ്ത്തിയെന്ന് ട്രംപ്! appeared first on Express Kerala.



