
പശ്ചിമേഷ്യൻ മേഖലയെ വിറപ്പിച്ചുകൊണ്ട് ഇറാൻ-ഇസ്രയേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഒരു എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം തീഗോളമായി താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഇത് അമേരിക്കയുടേതാണോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം, കുവൈറ്റിലെ അമേരിക്കൻ എംബസിക്ക് സമീപം പുക ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ‘ആർക്കും ആരോടും പോരാടാം’എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിന് തിരിച്ചടിയായി ഇസ്രയേലിലെ ടെൽ അവീവിനും വിവിധ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. ജെറുസലേമിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല സംഘടനകളും യുദ്ധത്തിൽ പങ്കുചേർന്നതോടെ സംഘർഷം അതീവ ഗുരുതരമായിരിക്കുകയാണ്.
Also Read: ആകാശം കീഴടക്കി അമേരിക്ക; ബി-2 ബോംബറുകളും റീപ്പർ ഡ്രോണുകളും ഇറാൻ അതിർത്തിയിൽ
യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയർപോർട്ട് മണിക്കൂറുകളോളം അടച്ചിട്ടു. ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ദുബായിലെ ഒരു ആഡംബര ഹോട്ടലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും വാർത്തകളുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമപാതകൾ തടസ്സപ്പെട്ടത് ആഗോള ഗതാഗത സംവിധാനത്തെയും പ്രതിസന്ധിയിലാക്കി.
സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വലിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇറാനിലെ മിനാബ് പട്ടണത്തിലുള്ള ഒരു സ്കൂളിൽ അമേരിക്ക-ഇസ്രയേൽ മിസൈൽ പതിച്ച് കുട്ടികളടക്കം 160-ഓളം പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിക്കുന്നു. നിലവിൽ 200-ലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ എങ്കിലും, യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലായിരിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
The post “അമേരിക്കൻ പടക്കപ്പലിന് പിന്നാലെ യുദ്ധവിമാനവും വീഴ്ത്തി ഇറാൻ”; കുവൈത്തിന് മുകളിൽ എഫ്-15 തകർന്നു appeared first on Express Kerala.



