
ഇറാൻ അനുകൂല പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് ജമ്മു കശ്മീരിലെ പത്ത് ജില്ലകളിൽ സുരക്ഷാസേന കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി ഇന്റർനെറ്റ് വേഗത കുറയ്ക്കുകയും സ്‌കൂളുകൾക്കും കോളജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനഗർ, ദോദ, അനന്ത്‌നാഗ് എന്നിവിടങ്ങളിൽ വിവിധ മതസംഘടനകൾ പ്രഖ്യാപിച്ച ബന്ദ് പൂർണ്ണമാണ്. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും ശ്രീനഗറിൽ പ്രകടനത്തിനിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കേണ്ടി വന്നു.
കശ്മീരിന് പുറമെ ലഖ്നൗ, ഡൽഹി, റായ്പുർ, ജയ്പുർ എന്നിവിടങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗങ്ങൾ തടയാനും ക്രമസമാധാന നില ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ കശ്മീർ താഴ്‌വരയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് അധികൃതരുടെ തീരുമാനം.
The post ഇറാൻ അനുകൂല പ്രതിഷേധം! കശ്മീർ താഴ്‌വരയിൽ അതീവ ജാഗ്രത, ഇന്റർനെറ്റ് വേഗത കുറച്ചു appeared first on Express Kerala.



