loader image
തെലങ്കാനയിൽ കോൺഗ്രസിന്റെ ബുൾഡോസർ രാജ്; ബിജെപിയുടെ തനിപ്പകർപ്പെന്ന് പിണറായി വിജയൻ

തെലങ്കാനയിൽ കോൺഗ്രസിന്റെ ബുൾഡോസർ രാജ്; ബിജെപിയുടെ തനിപ്പകർപ്പെന്ന് പിണറായി വിജയൻ

തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കോൺഗ്രസ് സർക്കാർ നടത്തിയ കൂട്ടക്കുടിയൊഴിപ്പിക്കലിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഫെബ്രുവരി 25-ന് ഖമ്മത്തെ വെളുഗുമറ്റ്ല ഗ്രാമത്തിൽ പൊലീസ് സംരക്ഷണയിൽ 700-ഓളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി മനുഷ്യത്വഹീനമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. വിനോബ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിതർക്ക് നൽകിയ ഭൂമിയിലെ വീടുകളാണ് മുൻകൂട്ടി അറിയിപ്പ് നൽകാതെ പൊളിച്ചുനീക്കിയത്. ബിജെപി സർക്കാരുകളുടെ ‘ബുൾഡോസർ രാജിന്’ സമാനമായ നടപടികളാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മാധ്യമങ്ങളിൽ വലിയ വികസന പരസ്യങ്ങൾ നൽകുന്ന തെലങ്കാന സർക്കാർ, സാധാരണക്കാരെ ഭവനരഹിതരാക്കുന്ന ഈ ക്രൂരതയ്ക്ക് മറുപടി പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ തിരിച്ചറിയൽ രേഖകളുമുള്ള മൂവായിരത്തോളം പേരെയാണ് കർണാടകയിലെ യെലഹങ്കയിലും തെലങ്കാനയിലുമായി കോൺഗ്രസ് തെരുവിലിറക്കിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം തങ്ങൾ ഇടതുപക്ഷമാണെന്ന് അവകാശപ്പെടുമ്പോഴും, അവരുടെ ഭരണം നടക്കുന്ന സംസ്ഥാനങ്ങളിൽ ദരിദ്രരെ ആട്ടിപ്പായിക്കുന്ന കുടില രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ‘ടൂറിസ്റ്റ് അടിമകൾക്ക് വേദന അറിയില്ല’; സിദ്ദിഖിനെതിരെ കൂവിയവർക്ക് മറുപടിയുമായി രമ്യ, പ്രിയങ്കയാണോ എന്ന് സൈബർ ലോകം

See also  ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല, പോരാട്ടം ലോകസമാധാനത്തിന്; എം. സ്വരാജ്

പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുന്ന കേരള മോഡലും, പട്ട്യമുള്ളവരെപ്പോലും വ്യാജന്മാരാക്കി കുടിയൊഴിപ്പിക്കുന്ന കോൺഗ്രസ് രീതിയും തമ്മിലുള്ള വ്യത്യാസം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം നൽകി പിന്നോട്ട് പോയ കേരളത്തിലെ കോൺഗ്രസ് നിലപാടും ഇതിന്റെ മറ്റൊരു രൂപമാണെന്ന് അദ്ദേഹം പരിഹസിച്ചു. എവിടെ അധികാരം കിട്ടിയാലും സാധാരണക്കാരോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ഇതാണെന്നതിന്റെ തെളിവാണ് ഇത്തരം കുടിയൊഴിപ്പിക്കലുകളെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

The post തെലങ്കാനയിൽ കോൺഗ്രസിന്റെ ബുൾഡോസർ രാജ്; ബിജെപിയുടെ തനിപ്പകർപ്പെന്ന് പിണറായി വിജയൻ appeared first on Express Kerala.

Spread the love

New Report

Close