
കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിനതടവ് വിധിച്ചു. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്നറിയപ്പെടുന്ന നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ മാനസികനില തെറ്റുകയും ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു.
Also Read: ആയുർവേദ ഫാർമസിയുടെ മറവിൽ ലഹരിവിൽപ്പന; തൃശൂരിൽ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന സുജാതൻ പിള്ള കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ വി. ബിജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ വേളയിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ജഡ്ജി രാജീവൻ വാച്ചലാണ് വിധി പ്രസ്താവിച്ചത്.
The post ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം തടവും പിഴയും appeared first on Express Kerala.



