
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശം ലോകശ്രദ്ധ നേടുന്നു. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ ഓഫിസ് സമുച്ചയത്തിന് നേരെ അമേരിക്ക-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ മാർച്ച് ഒന്നിന് രാവിലെ 7.28-നാണ് ഖമേനിയുടെ ചിത്രത്തോടൊപ്പം ഖുർആനിലെ ഒരു സൂക്തം അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു കോടിയിലധികം ആളുകളാണ് ഈ സന്ദേശം വായിച്ചത്.
രക്തസാക്ഷിത്വത്തെയും ദൈവത്തോടുള്ള ഉടമ്പടിയെയും പരാമർശിക്കുന്ന പരിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിലെ 23-ാം സൂക്തമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കറുത്ത തലപ്പാവും വസ്ത്രവും ധരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഖമേനിയുടെ ചിത്രത്തോടൊപ്പമാണ് ഈ വചനം പങ്കുവെച്ചിരിക്കുന്നത്. ഖമേനിയുടെ ഓഫിസിലെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിഭാഗം കൈകാര്യം ചെയ്യുന്ന ഈ അക്കൗണ്ടിൽ നിന്ന് പ്രസ്തുത പോസ്റ്റിന് ശേഷം മറ്റ് സന്ദേശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Also Read: നെതന്യാഹുവിന്റെ ഓഫീസിൽ ഇറാന്റെ മിസൈൽ മഴ; നടുക്കം മാറാതെ ഇസ്രയേൽ
ലോകമെമ്പാടുമുള്ള 14 കോടി ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ട് 2009-ലാണ് ആരംഭിച്ചത്. 13 ഭാഷകളിൽ നയപരമായ സന്ദേശങ്ങളും പ്രസംഗങ്ങളും പങ്കുവെക്കാറുള്ള ഈ പ്ലാറ്റ്‌ഫോം ഖമേനിയുടെ ആശയവിനിമയത്തിനുള്ള പ്രധാന മാർഗമായിരുന്നു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള രാഷ്ട്രീയ നിലപാടുകളും മതപരമായ സന്ദേശങ്ങളും അറിയിച്ചിരുന്ന ഈ അക്കൗണ്ടിലെ അവസാന ട്വീറ്റ് പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
The post ആയത്തുല്ല ഖമേനിയുടെ ആ സന്ദേശം വൈറൽ! ഒരു കോടിയിലധികം പേർ വായിച്ച എക്‌സ് പോസ്റ്റ് appeared first on Express Kerala.



