
ലോകത്തെ മുഴുവൻ സ്വന്തം താവളമാക്കി മാറ്റി, മറ്റുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കാമെന്ന് മോഹിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേലിൻ്റെയും അഹങ്കാരത്തിന് മേൽ വീണ കനത്ത പ്രഹരമാണ് ഇന്ന് പശ്ചിമേഷ്യയിൽ നാം കാണുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ആക്രമണമാണ് ഇറാൻ സേന നടത്തി കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനു നേർക്കും ഇറാൻ സേന മിസൈൽ ആക്രമണം നടത്തിയതായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇസ്രയേൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയുടെ അവസാനം തങ്ങളുടെ കൈകൊണ്ടാകുമെന്നാണ് ഇറാൻ സേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ സേനയായ ഐആർജിസിയുടെ പബ്ലിക് റിലേഷൻസ് പ്രഖ്യാപിച്ച പത്താം തരംഗത്തിൽ, ഖൈബർ മിസൈലുകൾ ഉപയോഗിച്ച്, തികച്ചും അപ്രതീക്ഷിതവുമായ ആക്രമണമാണ് നെതന്യാഹുവിൻ്റെ ഓഫീസിനു നേരെ നടത്തിയിരിക്കുന്നത് എന്നാണ്, ഇറാൻ്റെ തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ, ഇസ്രയേൽ വ്യോമസേനയുടെ കമാൻഡറുടെ ആസ്ഥാനവും ഇറാൻ ആക്രമിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഇറാന്റെ ആത്മാഭിമാനത്തിന് നേരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആ ചതിപ്രയോഗം, ഒരു ജനതയുടെ പോരാട്ടവീര്യത്തെ തളർത്താനല്ല, മറിച്ച് വൻശക്തികളുടെ അന്ത്യം കുറിക്കാനുള്ള അഗ്നി പടർത്താനാണ് വഴിവച്ചിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രക്തസാക്ഷിത്വം, അധിനിവേശ ശക്തികളെ വേരോടെ പിഴുതെറിയാനുള്ള ഇറാന്റെ ധീരമായ പോരാട്ടത്തിന്റെ തുടക്കമായാണ് മാറിയിരിക്കുന്നത്.
“ഞങ്ങൾ മുട്ടുമടക്കില്ല, ഞങ്ങൾ തിരിച്ചടിക്കും” ലോകപൊലീസുകാരൻ ചമഞ്ഞു നടക്കുന്ന അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമായിരുന്നു ഇറാന്റെ ആ അതിവേഗ പ്രത്യാക്രമണം. സ്വന്തം മണ്ണിൽ വിദേശാധിപത്യം അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി ഇറാൻ മിസൈലുകൾ തൊടുത്തുവിടുമ്പോൾ, അത് കേവലം ഒരു സൈനിക നടപടിയല്ല, മറിച്ച് പതിറ്റാണ്ടുകളായി പശ്ചിമേഷ്യയെ ചോരക്കളമാക്കിയ അമേരിക്കൻ തന്ത്രങ്ങൾക്കുള്ള അന്ത്യകൂദാശയാണ്. സുരക്ഷിത താവളങ്ങളിൽ ഇരുന്ന് യുദ്ധം പ്ലാൻ ചെയ്യുന്നവർക്ക്, ഇറാന്റെ മണ്ണിൽ നിന്ന് ഉയരുന്ന ഓരോ മിസൈലും ഒരു കഠിനമായ മുന്നറിയിപ്പാണ്. വൻശക്തികളുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കാത്ത ഇറാന്റെ ഈ അസാമാന്യ ധീരത, ലോകത്തെ അടിച്ചമർത്തപ്പെട്ട ഓരോ ജനതയ്ക്കും നൽകുന്ന ആവേശം ചെറുതല്ല. പശ്ചിമേഷ്യയുടെ ഭൂപടത്തിൽ ഇനി അധിനിവേശത്തിന്റെ കരിനിഴൽ വീഴില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
ഇസ്രയേലിനെയും ഗൾഫ് മേഖലയിലുടനീളം അമേരിക്കൻ സേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട തിരിച്ചടി വെറും പ്രതികാരമല്ല, “നമ്മൾ അടിച്ചമർത്തപ്പെടുന്ന രാഷ്ട്രമല്ല” എന്ന രാഷ്ട്രീയ സന്ദേശമാണ്. വർഷങ്ങളായി സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദ്ദങ്ങൾ, സൈനിക ഭീഷണികൾ എന്നിവ നേരിട്ടിട്ടും സ്വന്തം പ്രതിരോധ ശേഷി സ്വയം നിർമ്മിച്ചെടുത്ത രാജ്യമായി ഇറാൻ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ശക്തരായ സൈനിക സഖ്യങ്ങളെ നേരിടുമ്പോഴും പിൻമാറാതെ നിലകൊണ്ട ഈ സമീപനം ചെറിയ രാജ്യങ്ങൾക്കുപോലും സ്വയംരക്ഷ സാധ്യമാണെന്ന ആത്മവിശ്വാസത്തിന്റെ ഉദാഹരണമായി പലരും കാണുന്നു.
അമേരിക്കൻ താവളങ്ങൾ മാത്രമല്ല, എംബസികളും വ്യാപകമായാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. ആർക്കും തകർക്കാൻ കഴിയില്ലന്ന് അമേരിക്ക അവകാശപ്പെട്ട ആധുനിക യുദ്ധവിമാനങ്ങളെ ഇറാൻ വെടിവച്ചിട്ടത് അമേരിക്കയെ സംബന്ധിച്ച് വലിയ ഷോക്കാണ്. നിരവധി യുദ്ധവിമാനങ്ങൾ തകർന്ന് വീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം തന്നെയാണ് വ്യക്തമാക്കിയത്. ഇത് ലോക രാജ്യങ്ങൾക്ക് മുന്നിൽ അമേരിക്കയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്ന അമേരിക്കൻ വിമാന വാഹിനി കപ്പലിനു നേരെയുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിന് തൊട്ട് പിന്നാലെയാണ്, അമേരിക്കാൻ യുദ്ധവിമാനങ്ങളും തകർക്കപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സകല അമേരിക്കൻ താവളങ്ങളും തലങ്ങും വിലങ്ങും ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇറാൻ സേന, ഇസ്രയേലിന് എതിരായ ആക്രമണവും കടുപ്പിച്ചിട്ടുണ്ട്. ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൻ്റെ ഇരട്ടിയിലധികം പ്രഹരം ഇറാനും നൽകുമ്പോൾ, ഇറാൻ സൈന്യത്തെ കുറിച്ചുള്ള അമേരിക്കയുടെ കണക്ക് കൂട്ടൽ കൂടിയാണ് തെറ്റുന്നത്.
ഈ സംഘർഷത്തിന്റെ യഥാർത്ഥ കേന്ദ്രബിന്ദുവായി ഇപ്പോൾ മാറിയിരിക്കുന്നത് ഇറാന്റെ മിസൈൽ ശക്തിയാണ്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ആധുനിക യുദ്ധവിമാനങ്ങളുടെ വലിയ ശൃംഖല ഇല്ലാത്ത സാഹചര്യത്തിൽ പോലും, തങ്ങളുടെ പരിമിതികളെ തന്നെ തന്ത്രപരമായ ശക്തിയായി മാറ്റിയതാണ് ഇറാന്റെ സൈനിക ചിന്താഗതിയുടെ പ്രത്യേകത. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ദീർഘദൂര ഡ്രോണുകൾ എന്നിവ ചേർന്ന ഒരു ബഹുസ്തര പ്രതിരോധ ശൃംഖലയാണ് ഇറാൻ വർഷങ്ങളായി വികസിപ്പിച്ചത്. 2,000 കിലോമീറ്ററിലധികം ദൂരത്തിൽ ലക്ഷ്യങ്ങളെ എത്തിച്ചേരാൻ കഴിയുന്ന ശേഷി, സാങ്കേതിക മേൽക്കോയ്മയുള്ള രാജ്യങ്ങൾക്കുപോലും സുരക്ഷാ കണക്കുകൾ പുനഃപരിശോധിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്.
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ യുദ്ധതന്ത്രത്തിലെ ആദ്യഘട്ട ആയുധങ്ങളായി കണക്കാക്കപ്പെടുന്നു. ഫത്തേ, സോൾഫാഗർ, ക്വിയാം-1 പോലുള്ള സംവിധാനങ്ങൾ വളരെ കുറഞ്ഞ മുന്നറിയിപ്പ് സമയത്തിനുള്ളിൽ തുടർച്ചയായി വിക്ഷേപിക്കാൻ കഴിയുന്നതുകൊണ്ട് ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത് വെറും ആക്രമണശേഷിയല്ല, കൃത്യമായ ആസൂത്രണവും സ്വയം വികസിപ്പിച്ച സാങ്കേതികവിദ്യയിലുമുള്ള ആത്മവിശ്വാസവും ചേർന്ന പ്രതിരോധ മാതൃകയാണ്. സാങ്കേതികമായി ശക്തരായ രാജ്യങ്ങളെ പോലും ചെലവേറിയ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന അസമമായ യുദ്ധരീതിയുടെ ഉദാഹരണമാണ് ഇത്.
Also Read: ജാംകരൻ പള്ളിക്ക് മുകളിൽ ഉയർന്ന ചെങ്കൊടി; ഇത് വെറുമൊരു പതാകയല്ല, ഇറാന്റെ പ്രതികാരത്തിന്റെ വിളംബരം…
ഇടത്തരം ദൂരപരിധിയിലുള്ള ഷഹാബ്-3, ഇമാദ്, ഖോറാംഷഹർ, സെജ്ജിൽ തുടങ്ങിയ മിസൈലുകൾ ഇറാന്റെ തന്ത്രപരമായ സ്വാധീനം വ്യാപിപ്പിക്കുന്നു. പ്രത്യേകിച്ച് ഖര ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സെജ്ജിൽ മിസൈൽ വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുന്നതിനാൽ ആക്രമണവും പ്രതിരോധവും ഒരേസമയം കൈകാര്യം ചെയ്യാനുള്ള കഴിവ് നൽകുന്നു. വലിയ സൈനിക ശക്തികളെ പോലും നേരിട്ടുള്ള ഏറ്റുമുട്ടലിൽ ജാഗ്രത പാലിക്കാൻ നിർബന്ധിതരാക്കുന്ന ആയുധങ്ങളായാണ് ഇവയെ വിശകലകർ വിലയിരുത്തുന്നത്.
ഡ്രോൺ സാങ്കേതികവിദ്യയിൽ ഇറാൻ കൈവരിച്ച പുരോഗതി ഈ യുദ്ധത്തിന്റെ ഗണിതം തന്നെ മാറ്റിയതായി പറയപ്പെടുന്നു. കുറഞ്ഞ ചെലവിൽ വലിയ തോതിൽ നിർമ്മിക്കാവുന്ന ഷാഹെദ് ശ്രേണി ഡ്രോണുകൾ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പോലും ക്ഷീണിപ്പിക്കുന്ന “സാച്ചുറേഷൻ ആക്രമണ” രീതിക്ക് വഴിയൊരുക്കുന്നു. വിലകുറഞ്ഞെങ്കിലും തന്ത്രപരമായി വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഈ സംവിധാനങ്ങൾ, സാമ്പത്തികമായി വലിയ രാജ്യങ്ങളോട് പോലും സമനിലയിൽ നിലകൊള്ളാൻ കഴിയുന്ന പുതിയ യുദ്ധ മാതൃകയായി മാറിയിരിക്കുകയാണ്.
ഇറാന്റെ പ്രതിരോധത്തിന്റെ മറ്റൊരു പ്രധാന അടിസ്ഥാനം ഭൂഗർഭ “മിസൈൽ നഗരങ്ങൾ” ആണ്. പാറക്കെട്ടുകൾക്കടിയിൽ ആഴത്തിൽ നിർമ്മിച്ച സംഭരണ കേന്ദ്രങ്ങളും രഹസ്യ വിക്ഷേപണ താവളങ്ങളും ആദ്യ ആക്രമണങ്ങളെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. ഒരു ആക്രമണം കൊണ്ടുതന്നെ സൈനിക ശേഷി തകർന്നുപോകില്ലെന്ന ഉറപ്പ് നൽകുന്ന ഈ സംവിധാനം, ദീർഘകാല പ്രതിരോധത്തിനുള്ള ഇറാന്റെ തയ്യാറെടുപ്പിനെയും ദൂരദർശിത്വത്തെയും വ്യക്തമാക്കുന്നു.
കടൽമേഖലയിലും ഇറാൻ തന്ത്രപരമായ ശക്തി പ്രകടിപ്പിക്കുന്നു. ലോകത്തിന്റെ ഊർജ്ജവ്യാപാരത്തിന്റെ ജീവരേഖയായ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള കഴിവ് ഇറാനെ ആഗോള സാമ്പത്തിക ചർച്ചകളുടെ കേന്ദ്രത്തിലേക്ക് ഉയർത്തുന്നു. കപ്പൽവിരുദ്ധ മിസൈലുകൾ, നാവിക മൈനുകൾ, അതിവേഗ ആക്രമണ ബോട്ടുകൾ എന്നിവ ചേർന്ന അസമമായ നാവിക തന്ത്രം വലിയ നാവികസേനകൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ സൈനിക ശക്തി വെറും ആയുധങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, തന്ത്രപരമായ സ്ഥാനബലത്തിലും ആസൂത്രണത്തിലുമാണെന്നതിന്റെ തെളിവാണ് ഇത്.
ഇങ്ങനെ നോക്കുമ്പോൾ, ഇറാൻ സ്വീകരിച്ച സമീപനം വെറും പ്രതികാരമല്ല. അത് ധൈര്യത്തിന്റെ, സ്വയംപര്യാപ്തതയുടെ, ദേശീയ ആത്മാഭിമാനത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണ്. വർഷങ്ങളായുള്ള ഉപരോധങ്ങളും സമ്മർദ്ദങ്ങളും മറികടന്ന് സ്വന്തം സാങ്കേതികവിദ്യയും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്ത രാജ്യം, ലോകത്തിലെ വൻശക്തികളോടുപോലും ഭയപ്പെടാതെ നിലകൊള്ളാമെന്ന സന്ദേശമാണ് നിലവിൽ നൽകുന്നത്. ഇന്ന് പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷം ഒരു യുദ്ധമാത്രമല്ല ശക്തി എന്ന ആശയം തന്നെ പുനർനിർവചിക്കപ്പെടുന്ന ചരിത്രഘട്ടമാണെന്നും, ആ മാറ്റത്തിന്റെ കേന്ദ്രത്തിൽ ഇറാൻ ഉറച്ച നിലയിൽ നിൽക്കുകയാണെന്നും പല നിരീക്ഷകരും വിലയിരുത്തുന്നു. അതുകൊണ്ടാണ് സമാധനമെന്ന ആവശ്യത്തെ പോലും തള്ളി ഒറ്റയ്ക്ക് നിന്ന് ഇറാൻ ഇപ്പോഴും പോരാടി കൊണ്ടിരിക്കുന്നത്.
ഇറാൻ ജനത ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ ഇനി അവിടെ ആഭ്യന്തര കലാപം ഉണ്ടാക്കി അട്ടിമറി നടത്താനും അമേരിക്കയ്ക്ക് കഴിയുകയില്ല. കരസേനയെ അയച്ച് ഇറാനെ കീഴ്പെടുത്താൻ ശ്രമിച്ചാൽ, അവിടെ അമേരിക്കൻ സൈന്യത്തെ കാത്തിരിക്കുന്നത് വിയറ്റ്നാമിൻ്റെ അനുഭവമായിരിക്കും. കൂറ്റൻ പർവ്വതങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഇറാൻ, ശത്രുക്കളെ സംബന്ധിച്ച് ഒരു കെണിയായി മാറുമെന്നാണ്, പ്രതിരോധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, മിസൈൽ കരുത്തിൽ മാത്രമല്ല, കരസേനയുടെ കരുത്തിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ഇറാൻ എന്നതിനാൽ, അവിടെ അതിക്രമിച്ച് കയറുന്നവർക്ക് പിടിച്ച് നിൽക്കുക എന്നത് എന്തായാലും സാധ്യമുള്ള കാര്യമല്ല.
വീഡിയോ കാണാം…
The post ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും ആക്രമിച്ചു, പുതിയ ആയുധപ്പുര തുറന്ന് ഇറാൻ്റെ വൻ പ്രഹരം appeared first on Express Kerala.



