
മസ്‌കത്ത്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടങ്ങിയതാണ് പ്രതിസന്ധി കടുപ്പിച്ചത്. ഒമാന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് നിലവിൽ 1,30,000 രൂപ കടന്നു. യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ റൂട്ടിനെ ആശ്രയിക്കുന്നതിനാൽ വരും ദിവസങ്ങളിൽ നിരക്ക് ഒന്നര ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക.
യുദ്ധഭീതിയെത്തുടർന്ന് അടിയന്തരമായി നാട്ടിലെത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഈ അമിത നിരക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ ദുബായ്, അബുദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെല്ലാം ഭാഗികമായോ പൂർണ്ണമായോ നിശ്ചലമായ അവസ്ഥയിലാണ്.
പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കുന്നു
യാത്രാക്ലേശം പരിഹരിക്കുന്നതിനായി യുഎഇയിലെ വിമാന കമ്പനികൾ പ്രത്യേക സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കുമെന്ന് യുഎഇ സിവിൽ ഏവിയേഷൻ അറിയിച്ചു. നിലവിൽ ബുക്കിംഗ് ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും ഉടൻ പൂർണ്ണമായി തുറക്കുമെന്ന സൂചനകളുണ്ട്.
ഗൾഫ് മേഖലയിൽ ഇറാൻ വ്യോമാക്രമണം തുടരുന്നത് വ്യോമഗതാഗതത്തെ അടിമുടി തളർത്തിയിരിക്കുകയാണ്. എങ്കിലും പ്രത്യേക സർവീസുകൾ തുടങ്ങാനുള്ള തീരുമാനം വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്.
The post പ്രവാസികൾക്ക് ഇരുട്ടടി; യുദ്ധഭീതിക്കിടെ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു appeared first on Express Kerala.



