
കൊൽക്കത്ത: മോശം ഫോമിന്റെ പേരിൽ വേട്ടയാടിയവർക്കും സൈബർ ആക്രമണം നടത്തിയവർക്കും ഈഡൻ ഗാർഡൻസിൽ ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ. സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജു കാഴ്ചവെച്ച തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഓപ്പണറായി ഇറങ്ങി 50 പന്തിൽ നിന്ന് 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.
തിരിച്ചുവരവ് സോഷ്യൽ മീഡിയ ഉപേക്ഷിച്ച്
കടുത്ത വിമർശനങ്ങൾ നേരിട്ട ഘട്ടത്തിൽ താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് മത്സരശേഷം സഞ്ജു മനസുതുറന്നു. ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നുമാണ് താൻ മനസ്സിനെ പാകപ്പെടുത്തിയതെന്ന് സഞ്ജു പറഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നിൽത്തന്നെ വിശ്വസിക്കുകയും ചെയ്തതാണ് ഈ തിരിച്ചുവരവിന് സഹായിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Also Read: സഞ്ജുവിന്റെ താണ്ഡവം; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ! രോഹിത്തിന്റെ ആ വാക്ക് സത്യമായി
ആകാശത്തേക്ക് നോക്കി ആ പ്രാർത്ഥന
റൊമാരിയോ ഷെപ്പേർഡിനെ ബൗണ്ടറി കടത്തി വിജയറൺ നേടിയ ശേഷം സഞ്ജു നടത്തിയ വൈകാരികമായ സെലിബ്രേഷൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാണ്. വിജയത്തിന് പിന്നാലെ പിച്ചിൽ മുട്ടുകുത്തി നിന്ന് ആകാശത്തേക്ക് നോക്കി കുരിശുവരച്ച് പ്രാർത്ഥിച്ച സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. ആ നിമിഷം എന്താണ് പ്രാർത്ഥിച്ചതെന്ന മുൻ താരം പാർഥിവ് പട്ടേലിന്റെ ചോദ്യത്തിന്, അതൊരു സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താനൊരു ദൈവവിശ്വാസിയാണെന്നും സഞ്ജു മറുപടി നൽകി.
The post കൈകൾ കൂപ്പി കുരിശുവരച്ച് സഞ്ജു; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് താരം നടത്തിയ മാസ് തിരിച്ചുവരവ്! appeared first on Express Kerala.



