
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി കോൺഗ്രസ്. സിറ്റിങ് എം.എൽ.എമാർക്ക് പുറമെ 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. എന്നാൽ ഐ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കെ. ബാബു, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്.
ലീഗുമായി മണ്ഡലങ്ങൾ വെച്ചുമാറുന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനാൽ പട്ടാമ്പി, കളമശ്ശേരി, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയായാൽ ടി.വി. ചന്ദ്രമോഹനനെ ഇറക്കി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. കണ്ണൂരിൽ അമൃതാ രാമകൃഷ്ണനും, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ അല്ലെങ്കിൽ മറിയം ഉമ്മൻചാണ്ടി എന്നിവർക്കുമാണ് സാധ്യത. ഒപ്പം രമേഷ് പിഷാരടി (പാലക്കാട്), വി.ടി. ബൽറാം (തൃത്താല), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ബിന്ദു കൃഷ്ണ (കൊല്ലം) തുടങ്ങി പ്രമുഖർ ഉൾപ്പെട്ട പട്ടികയ്ക്കാണ് നിലവിൽ ധാരണയായിരിക്കുന്നത്.
മറ്റൊരു പ്രധാന നീക്കമായി അമ്പലപ്പുഴയിലെ യുവ നേതാവ് രാജേഷ് സഹദേവനെ കെ.പി.സി.സി. ഒ.ബി.സി. വിഭാഗം ചെയർമാനായി മല്ലികാർജുൻ ഖാർഗെ നിയമിച്ചു. ശിവഗിരി മഠവുമായും എസ്.എൻ.ഡി.പി നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തുന്ന രാജേഷിലൂടെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സുമേഷ് അച്യുതന് പകരമാണ് രാജേഷ് ഈ ചുമതലയിലെത്തുന്നത്.
The post കേരള നിയമസഭാ തിരഞ്ഞെടുപ്പ്! കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രാഥമിക ധാരണ; പ്രമുഖർ പട്ടികയിൽ appeared first on Express Kerala.



