
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ കൃത്യതയും ഏകീകരണവും ഉറപ്പാക്കുന്ന പുതിയ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. വിദ്യാർത്ഥികളുടെ പ്രവേശനം മുതൽ പരീക്ഷാ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളും ഇനി മുതൽ എല്ലാ സർവകലാശാലകളിലും ഒരേ സമയക്രമത്തിലായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.
പുതിയ കലണ്ടർ പ്രകാരം എല്ലാ വർഷവും ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കണം. ഒന്നാം വർഷ പരീക്ഷാ ഫലം അടുത്ത വർഷം മെയ് 25-നകം പ്രഖ്യാപിക്കണമെന്നും നിർദ്ദേശമുണ്ട്. സർവകലാശാലകളിലും കോളേജുകളിലും ഒരേ സമയക്രമം വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഒരു സർവകലാശാലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതും കൂടുതൽ എളുപ്പമാകും.
Also Read: ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്; മാർച്ച് 7-ന് ജോബ് ഇന്റർവ്യൂവും
നാലുവർഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷയും മൂല്യനിർണ്ണയവും അതത് ക്യാംപസുകളിൽ തന്നെ നടത്താനാണ് തീരുമാനം. ഇതിനായി നവംബർ 16 മുതൽ ഒരാഴ്ച നീളുന്ന മൂല്യനിർണ്ണയ ക്യാംപുകൾ സംഘടിപ്പിക്കും. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ ബ്രേക്ക് നൽകുന്നതിലൂടെ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ സാധിക്കും. നാലാം സെമസ്റ്റർ അവസാനിക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിലായാണ് ഇന്റേൺഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങൾക്കും കലണ്ടറിൽ പ്രത്യേക സ്ഥാനമുണ്ട്. ക്രിസ്മസ് അവധിക്കുമുമ്പ് കായികമേളയും, ജനുവരിയിൽ യുവജനോത്സവവും പൂർത്തിയാക്കണം. അടുത്ത അക്കാദമിക് വർഷം മുതൽ എല്ലാ കോളേജുകളിലും നാലുവർഷ ബിരുദ പാറ്റേൺ മാത്രമായിരിക്കും നിലവിലുണ്ടാവുക. കേരളം നടപ്പിലാക്കുന്ന ഈ മാതൃകാപരമായ കലണ്ടറിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
The post കേരളത്തിലെ സർവകലാശാലകളിൽ ഇനി ഒരേ സമയക്രമം; പ്രവേശനം മുതൽ ഫലപ്രഖ്യാപനം വരെ ഒരേ സമയം appeared first on Express Kerala.



