
ഇറാൻ്റെ മിസൈൽ പ്രയോഗത്തിലെ വർദ്ധനവും വേഗതയും ഇസ്രയേലിനെയും അമേരിക്കയെയും ഒരു പോലെ അമ്പരപ്പിക്കുന്നതായ റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. ഒരേ സമയം ഇറാനെയും ഹിസ്ബുള്ളയെയും ഹൂതികളെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ഇസ്രയേൽ ഉള്ളത്. ഇറാൻ മിസൈൽ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിൽ ഇസ്രയേലി ഉദ്യോഗസ്ഥരും മാധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലി സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകൾ ഇറാന്റെ സമീപനത്തിൽ പ്രകടമായ മാറ്റമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. വലിയ ആക്രമണങ്ങളും വേഗത്തിലുള്ള വിക്ഷേപണങ്ങളും വരാനിരിക്കുന്ന കൂടുതൽ ആക്രമണാത്മക പ്രതികാര നടപടികളുടെ ഭയം ഉയർത്തുന്നതായാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രധാന ഇസ്രയേലി കേന്ദ്രങ്ങളിൽ ഇറാൻ തുടർച്ചയായി നടത്തിയ മിസൈൽ ആക്രമണങ്ങൾ ഇറാൻ്റെ തന്ത്രങ്ങളിലെ പ്രകടമായ മാറ്റത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ്, ഇസ്രയേൽ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 1 മുതൽ മിസൈൽ വിക്ഷേപണങ്ങളുടെ വേഗതയിലുണ്ടായ ഗണ്യമായ വർദ്ധനവ്, ഇസ്രയേൽ അധികൃതർ നിരീക്ഷിച്ചതായി ഈ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇത് ഇറാന്റെ തന്ത്രപരമായ നീക്കം വിജയം കാണുന്നു എന്നതിൻ്റെ സൂചന കൂടിയാണ്.
സമീപ ദിവസങ്ങളിൽ വ്യോമാക്രമണ സൈറണുകൾ കുറവായിരുന്നെങ്കിലും, ഓരോ മിസൈൽ ആക്രമണത്തിന്റെയും വലുപ്പം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു. ഇറാൻ ഇപ്പോൾ ഒരു ആക്രമണ തരംഗത്തിൽ, ഇസ്രയേലിലേക്ക് മാത്രം 20 മുതൽ 30 വരെ മിസൈലുകൾ വിക്ഷേപിക്കുന്നുണ്ടെന്നാണ് സൈനിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ഇത് തന്നെ മുൻ രീതികളിൽ നിന്ന് കുത്തനെ ഉയർന്ന തോത് രേഖപ്പെടുത്തുന്നതാണ്. ഇറാൻ കൂടുതൽ വലിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുണ്ടെന്ന ഇസ്രയേലിന്റെ വിലയിരുത്തലുകളെ ഉദ്ധരിച്ചും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വൻ ആക്രമണത്തിൽ 80 മുതൽ 90 വരെ മിസൈലുകൾ വരെ പ്രയോഗിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന ഈ ഭീഷണിയെ ഗൗരവത്തിൽ കണ്ട് അതീവ ജാഗ്രത പാലിക്കാനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും പൊതുജനങ്ങളോട് ഇസ്രയേൽ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ യമൻ ആസ്ഥാനമായുള്ള ഹൂതിസൈന്യം ആക്രമണത്തിൽ കൂടുതലായി പങ്കുചേരുമെന്നും ഇസ്രയേലി ലക്ഷ്യങ്ങൾക്കെതിരെ, വ്യാപകമായി ആക്രമണം നടത്തുമെന്നും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ അവസ്ഥ എന്നു പറഞ്ഞാൽ അത് അധിനിവേശ പലസ്തീൻ പ്രദേശങ്ങൾക്ക് മുകളിലുള്ള ആകാശം ആകെ ഇസ്രയേലിലേക്ക് പറക്കുന്ന ഇറാനിയൻ മിസൈലുകളാൽ മൂടപ്പെട്ടതായ അവസ്ഥയിലാണുള്ളത്. പലസ്തീൻ പ്രാദേശിക വാർത്താ സ്രോതസ്സുകൾ മാർച്ച് 3 ന് പുറത്തുവിട്ട ദൃശ്യങ്ങളും ഇത് വ്യക്തമാക്കുന്നതാണ്. ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയെയും നിരവധി ആളുകളെയും രക്തസാക്ഷികളാക്കിയ ഇറാൻ്റെ മണ്ണിൽ നിന്നുള്ള പ്രതികാരം അതിൻ്റെ തീവ്രതയിൽ തുടരുമ്പോൾ ഇസ്രയേലിൻ്റെ അയേൺ ഡോമും അമേരിക്കയുടെ താഡ് സംവിധാനവുമാണ് തകർക്കപ്പെടുന്നത്. ഈ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഇസ്രയേൽ ഉള്ളത്.
ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാൻ്റെ സൈനിക ഓപ്പറേഷൻ ഇപ്പോഴും ഇടവേളകൾ ഇല്ലാതെ തുടരുന്നത്, മേഖലയിൽ ആകെ ആശാന്തി പടർത്തിയിരിക്കുകയാണ്. ഇറാന്റെ പ്രതികരണത്തിന് രണ്ട് കാരണമാണ് ഉള്ളത്. അതിൽ ഒന്ന് അവരുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചത് തന്നെയാണ്. രണ്ടാമത്തെ പ്രകോപനം മിനാബിലെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിനു നേരെ അമേരിക്കയും ഇസ്രയേൽ ഭരണകൂടവും നടത്തിയ മാരകമായ ആക്രമണമാണ്. അതിന്റെ ഫലമായി ഏകദേശം 170 വിദ്യാർത്ഥികളും അധ്യാപകരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Also Read: മാറിമറിയുന്ന യുദ്ധലക്ഷ്യങ്ങൾ; ട്രംപിനെ നെതന്യാഹു യുദ്ധക്കെണിയിൽ കുടുക്കിയതോ?
അതേസമയം ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കെതിരെ ഇസ്രയേൽ ഭരണകൂടത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വലിയതോതിൽ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്ക് അമേരിക്കയും ഇസ്രയേലുമായി നടത്തുന്ന സൈനിക ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിലാണ് ഇക്കാരും റഷ്യൻ മാധ്യമം ചൂണ്ടിക്കാട്ടിയിരിന്നുന്നത്. ഇസ്രയേൽ ഭരണകൂടത്തിന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വരുന്ന ഇറാനിയൻ മിസൈലുകളെ തടയുന്നതിനോ നിർവീര്യമാക്കുന്നതിനോ അയേൺ ഡോം പരാജയപ്പെട്ടുവെന്നാണ്, വിദഗ്ദരെ ഉദ്ധരിച്ച് സ്പുട്നിക് റിപ്പോർട്ട് ചെയ്യുന്നത്.
പുറത്ത് വന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇറാൻ മിസൈലുകൾ ഇസ്രയേൽ ഭരണകൂടത്തിന്റെ വ്യോമ പ്രതിരോധത്തിന്റെ ഒന്നിലധികം പാളികളിലേക്ക് തുളച്ചുകയറി ലക്ഷ്യങ്ങളിൽ പതിക്കുന്നത് വ്യക്തമാക്കുന്നതാണ്. ഇതോടെ അയേൺ ഡോമിൽ അഭിമാനം കൊണ്ട ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് മുന്നിൽ കൂടിയാണ് നാണം കെട്ടിരിക്കുന്നത്. കൂറ്റൻ കെട്ടിടങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, തുടങ്ങി പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഇസ്രയേലിൽ തകർക്കപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ കുത്തനെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇസ്രയേൽ ഭരണകൂടം ഒന്നടങ്കം ബങ്കറിൽ ഒളിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇറാൻ മിസൈൽ ശേഖരം നശിപ്പിക്കാൻ കഴിയാത്തതാണ്, ഇത്രയും വലിയ തിരിച്ചടി ഇസ്രയേലിന് നേരിടാൻ കാരണമെന്നാണ് പ്രതിരോധ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മലകളിലെ ഭൂഗർഭ അറകളിൽ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച ഇറാൻ മിസൈൽ ശേഖരം തകർക്കുന്നതിൽ അമേരിക്കയുടെ ബി 2 ബോംബറുകളും വലിയ പരാജയമായിരിക്കുകയാണ്. ഭ്രാന്ത് പിടിച്ച അവസ്ഥയിൽ പ്രതികാര ദാഹിയായി ഇറാൻ തലങ്ങും വിലങ്ങും ആക്രമിക്കുമ്പോൾ പശ്ചിമേഷ്യ ആകെ വലിയ ഭീതിയിലാണുള്ളത്. ഹോർമുസ് കടലിടുക്ക് വരെ ഇറാൻ അടച്ചതോടെ, ലോക വ്യാപാരം തന്നെ സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്. ഇത് അമേരിക്കയ്ക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദവും വളരെ വലുതാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
വീഡിയോ കാണാം…
The post ഇറാൻ മിസൈൽ തടുക്കാൻ കഴിയുന്നില്ല, അയൺ ഡോം പരാജയമെന്ന് ഇസ്രയേൽ മാധ്യമങ്ങളും ! appeared first on Express Kerala.



