
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യാത്രാദുരിതം നേരിടുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി വിമാനക്കമ്പനികളുടെ പുതിയ പ്രഖ്യാപനം. നിലവിലെ സാഹചര്യം പരിഗണിച്ച് മസ്‌കത്ത്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇതിനുപുറമെ, ഷാർജയിൽ നിന്ന് മസ്‌കത്ത് വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചതും ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വലിയ തുണയാകും.
നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 3 മുതൽ മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തും. സംഘർഷം മൂലം യാത്രകൾ മുടങ്ങിയിരുന്ന പ്രവാസികൾക്ക് കൃത്യസമയത്ത് നാട്ടിലെത്താൻ ഈ തീരുമാനം ഏറെ സഹായകമാകും.
Also Read: പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം
അതേസമയം, ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണ പ്രത്യാക്രമണങ്ങൾ മേഖലയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയായ ഊർജ്ജ-വ്യാപാര പാതകൾ തടസ്സപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
The post യുദ്ധപ്രതിസന്ധിക്കിടയിൽ പ്രവാസികൾക്ക് ആശ്വാസം; സാഹചര്യം അനുസരിച്ച് സർവീസുകൾ ഉണ്ടാകും! ഇൻഡിഗോ appeared first on Express Kerala.



