
പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ രാജ്യം വലിയ ആശങ്കയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി നീണ്ടുനിൽക്കുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. സമുദ്രപാതകളിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം, ഇത്തരം സംഭവങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ എംബസികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യം വ്യാപാര-ഊർജ്ജ മേഖലകളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
The post പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ഇന്ത്യയ്ക്ക് കടുത്ത ആശങ്ക; അടിയന്തര ഇടപെടലിന് കേന്ദ്രം appeared first on Express Kerala.



