പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഖത്തർ എനർജി എൽഎൻജി ഉൽപ്പാദനം നിർത്തിവെച്ചത് ഇന്ത്യക്ക് വൻ തിരിച്ചടിയാകുന്നു. ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തിൽ ഖത്തറിലെ ലാസ് റഫാൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നാണ് ഉൽപ്പാദനം നിർത്തിയത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറിൽ നിന്നായതിനാൽ, ഈ തടസ്സം രാജ്യത്തെ പാചകവാതക വിതരണത്തെയും വാഹന ഇന്ധനമായ സിഎൻജി ലഭ്യതയെയും സാരമായി ബാധിക്കുമെന്ന് ഉറപ്പായി.
ലോകത്ത് ഏറ്റവും കൂടുതൽ പാചകവാതകം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഖത്തർ എനർജി ഉൽപ്പാദിപ്പിക്കുന്ന ഗ്യാസിന്റെ 82 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. നിലവിൽ പെട്രോനെറ്റ് എൽഎൻജി, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷൻ എന്നിവയുമായി ഖത്തറിന് ദീർഘകാല കരാറുകളുണ്ട്. എന്നാൽ ഉൽപ്പാദനം പുനരാരംഭിക്കാൻ വൈകിയാൽ ഇന്ത്യയിൽ ഇന്ധനക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇന്ത്യക്ക് ആവശ്യത്തിന് എൽഎൻജി കരുതൽ ശേഖരമില്ലാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
Also Read: പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ഇന്ത്യയ്ക്ക് കടുത്ത ആശങ്ക; അടിയന്തര ഇടപെടലിന് കേന്ദ്രം
പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഹ്രസ്വകാല കരാറടിസ്ഥാനത്തിൽ ഗ്യാസ് എത്തിക്കാൻ ശ്രമിക്കാമെങ്കിലും ഇതിന് വൻ തുക ചിലവാകും. ഇത് ആഭ്യന്തര വിപണിയിൽ പാചകവാതകത്തിനും പ്രകൃതി വാതകത്തിനും വൻ വിലക്കയറ്റമുണ്ടാക്കാൻ കാരണമാകും. വരും ആഴ്ചകളിൽ പശ്ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
The post ഖത്തറിൽ എൽഎൻജി ഉൽപ്പാദനം നിലച്ചു; ഇന്ത്യയിൽ പാചകവാതക വില കുതിച്ചുയരാൻ സാധ്യത, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്? appeared first on Express Kerala.



