
ഇറാനും ഇസ്രയേലും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കവെ, ഇറാന്റെ ഭരണകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പ്രസിഡൻഷ്യൽ കോംപ്ലക്സ്, സുരക്ഷാ കൗൺസിൽ കെട്ടിടം എന്നിവയ്ക്ക് നേരെയാണ് ഇസ്രയേൽ-അമേരിക്ക സഖ്യം ആക്രമണം അഴിച്ചുവിട്ടത്. ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ശനിയാഴ്ച ആരംഭിച്ച സംയുക്ത നീക്കത്തിന്റെ തുടർച്ചയായാണ് ഈ വൻ പ്രത്യാക്രമണം.
ഇസ്രയേൽ നീക്കത്തിന് പിന്നാലെ അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടങ്ങി. സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിയിൽ ഇറാന്റെ രണ്ട് ഡ്രോണുകൾ പതിച്ചതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇതിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം കരയുദ്ധം ആരംഭിച്ചതും ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണങ്ങളും പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായി പടരുന്നത് ലോകരാജ്യങ്ങളെയും ആശങ്കയിലാക്കുന്നു.
Also Read: 650 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ഇറാനെ പേടിച്ച് വിമാന വാഹിനി കപ്പലും പറപറന്നു !
ടെഹ്റാനിലെ സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ തലസ്ഥാന നഗരിയിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്കായി താമസം, ഭക്ഷണം, ഗതാഗത സൗകര്യങ്ങൾ എന്നിവ എംബസി നേരിട്ട് ക്രമീകരിച്ചിട്ടുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
The post ഇറാൻ പ്രസിഡന്റിന്റെ ഓഫീസിനു നേരെ ഇസ്രയേൽ ആക്രമണം; മേഖലയിൽ യുദ്ധം രൂക്ഷമാകുന്നു appeared first on Express Kerala.



