കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് സംസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയുടെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സന്ദർശനത്തിന്റെ അവസാന ദിവസമായ മറ്റന്നാൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാവിലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ, ഏഴാം തീയതി കൊച്ചിയിൽ വെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം അദ്ദേഹം നടത്തുന്ന ഈ വാർത്താ സമ്മേളനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
The post നിയമസഭാ തെരഞ്ഞെടുപ്പ്! ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ appeared first on Express Kerala.




