കിവീസ് ചക്രവ്യൂഹം ഭേദിക്കാൻ അശ്വിൻ തന്ത്രം; ദുബെയും സഞ്ജുവും ഇന്ത്യയുടെ ഭാഗ്യതാരങ്ങളാകുമോ?

കിവീസ് ചക്രവ്യൂഹം ഭേദിക്കാൻ അശ്വിൻ തന്ത്രം; ദുബെയും സഞ്ജുവും ഇന്ത്യയുടെ ഭാഗ്യതാരങ്ങളാകുമോ?

ഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ, ടീം ഇന്ത്യയുടെ വിജയതന്ത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ലോകം മുഴുവൻ സ്റ്റാർ ബാറ്റർമാരെ ശ്രദ്ധിക്കുമ്പോൾ, അധികം ആരും ചർച്ച ചെയ്യാത്ത ശിവം ദുബെ ആയിരിക്കും ഫൈനലിലെ യഥാർത്ഥ ‘ഗെയിം ചേഞ്ചർ’ എന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയ ദുബെയുടെ പ്രകടനം ടീമിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കിവീസ് സ്പിന്നർമാരായ മിച്ചൽ സാന്റ്നർക്കും രചിൻ രവീന്ദ്രയ്ക്കും ദുബെ വലിയ ഭീഷണിയാകുമെന്നും അവരുടെ ലൈനും ലെങ്തും തെറ്റിക്കാൻ ദുബെയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും അശ്വിൻ നിരീക്ഷിക്കുന്നു. ന്യൂസിലൻഡ് ദുബെയെ പിടിച്ചുകെട്ടിയില്ലെങ്കിൽ കളി ഇന്ത്യ സ്വന്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിലവിൽ 159.54 സ്ട്രൈക്ക് റേറ്റിൽ 209 റൺസുമായി മിന്നും ഫോമിലാണ് താരം. കൂടാതെ, കിവീസ് ഓഫ് സ്പിന്നർ കോൾ മക്കോഞ്ചിയെ നേരിടുമ്പോൾ ഇടംകൈയ്യൻ ബാറ്റർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും കരുതലോടെ കളിച്ച് സഞ്ജു സാംസണ് സ്ട്രൈക്ക് കൈമാറുന്നതാണ് ഉചിതമെന്നും അശ്വിൻ നിർദ്ദേശിച്ചു. ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ സഞ്ജുവിനുള്ള മികവ് ഇന്ത്യക്ക് അനുകൂലമാക്കാം.

Also Read:സഞ്ജുവിനായി ഗംഭീർ പൊരുതി, ഫലം റെക്കോർഡുകളുടെ പെരുമഴ! മലയാളി താരത്തെ വാനോളം പുകഴ്ത്തി ഷൊയ്ബ് അക്തർ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെറും 33 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡിട്ട ഫിൻ അലനാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. അലനെ വേഗത്തിൽ പുറത്താക്കാൻ അക്സർ പട്ടേലിനെ കൃത്യസമയത്ത് പന്തേൽപ്പിക്കാൻ സൂര്യകുമാർ യാദവ് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് അക്സറെന്ന് വിശേഷിപ്പിച്ച അശ്വിൻ, മൂന്നാം ലോകകിരീടം ഇന്ത്യയിലേക്ക് എത്തിക്കാൻ ഈ തന്ത്രങ്ങൾ സഹായിക്കുമെന്ന് പ്രത്യാശിച്ചു.

The post കിവീസ് ചക്രവ്യൂഹം ഭേദിക്കാൻ അശ്വിൻ തന്ത്രം; ദുബെയും സഞ്ജുവും ഇന്ത്യയുടെ ഭാഗ്യതാരങ്ങളാകുമോ? appeared first on Express Kerala.

Spread the love
Scroll to Top