
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ തിരുവനന്തപുരത്ത് ആവേശകരമായ സമാപനത്തിലേക്ക്. ഫെബ്രുവരി 6-ന് കാസർഗോഡ് നിന്ന് ആരംഭിച്ച 25 പകൽ നീണ്ട പദയാത്ര, ഇന്ന് പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സമാപിച്ചു. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസമാണ് സമാപന വേളയിൽ വി.ഡി. സതീശൻ പങ്കുവെച്ചത്.
ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതുയുഗ യാത്ര ഒരു ജനകീയ മുന്നേറ്റമായി മാറിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് വിഭാവനം ചെയ്യുന്ന പുതിയ കേരള മോഡലിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താൻ യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്നും, നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യാത്രയിലുടനീളം ലഭിച്ച സ്നേഹത്തിന് വികാരാധീനനായാണ് അദ്ദേഹം നന്ദി അറിയിച്ചത്.
Also Read:നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി, യുവാക്കൾക്കും സ്ത്രീകൾക്കുമായി പുതിയ ചില വാഗ്ദാനങ്ങളും ഗ്യാരന്റികളും പ്രഖ്യാപിച്ചു. 121 പൊതുസമ്മേളനങ്ങളും വിവിധ മേഖലയിലുള്ളവരുമായുള്ള സംവാദങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ യാത്ര തിരുവനന്തപുരത്ത് സമാപിച്ചത്. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളും സമാപന ചടങ്ങിൽ പങ്കെടുത്തു.
The post ‘100 സീറ്റുകൾ ഉറപ്പ്’! വികാരാധീനനായി വി.ഡി. സതീശൻ; സമാപനയാത്രയ്ക്ക് തലസ്ഥാനത്ത് ആവേശക്കടൽ appeared first on Express Kerala.




