
യുഎഇയിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് വൻതോതിൽ പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ എത്തിച്ച് ലുലു ഗ്രൂപ്പ്. ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക ബോയിങ് ചരക്ക് വിമാനത്തിൽ കൊച്ചിയിൽ നിന്ന് 80 ടൺ ഉൽപ്പന്നങ്ങളാണ് അബുദാബിയിൽ എത്തിച്ചത്. പ്രവാസി മലയാളി സമൂഹത്തിന് ഉൾപ്പെടെ വലിയ ആശ്വാസമാകുന്നതാണ് ഈ നീക്കം.
ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് വഴിയാണ് ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയത്. കൊച്ചിയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട വിമാനം അബുദാബിയിൽ ഇറങ്ങി. വരും ദിവസങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും മെൽബൺ ഉൾപ്പെടെയുള്ള ആഗോള കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇതിനു മുൻപ് ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപ്പന്നങ്ങളും ലുലു എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
Also Read: “ടീം യുഡിഎഫ് ഒന്നിച്ച് നിന്നാൽ ഭരണം ഉറപ്പ്”; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് സമാപനം
യുഎഇയിലെ ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഞങ്ങളുടെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും വില നിയന്ത്രണവും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട് അദ്ദേഹം വ്യക്തമാക്കി.
The post പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയിൽ നിന്ന് 80 ടൺ ഉൽപ്പന്നങ്ങളുമായി ഇത്തിഹാദ് വിമാനം അബുദാബിയിലെത്തി appeared first on Express Kerala.




