
റമദാൻ മാസത്തിൽ വിപണിയിലെ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനായി ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് കർശന നടപടികൾ പ്രഖ്യാപിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധികൾ മറയാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്നും വിപണിയിൽ അതീവ ജാഗ്രത പുലർത്തുമെന്നും അധികൃതർ വ്യക്തമാക്കി.
വിലനിയന്ത്രണം ഉറപ്പാക്കുന്നതിനായി സൂപ്പർമാർക്കറ്റുകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിലവിവരങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലുകൾ ഇൻഷുറൻസ് പോളിസി പോലെ കരുതി സൂക്ഷിക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. അമിതവില ഈടാക്കിയാൽ ഈ ബില്ലുകൾ തെളിവായി കാണിച്ച് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പരാതിപ്പെടാം. പരാതി ബോധ്യപ്പെട്ടാൽ അധികതുക തിരികെ നൽകാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ഇത് സഹായിക്കും.
Also Read: ദുബായിൽ വ്യോമപ്രതിരോധ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർ മരിച്ചു
രാജ്യത്ത് അടുത്ത ആറുമാസത്തേക്കുള്ള ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഉൽപ്പന്നങ്ങളുടെ വില താരതമ്യം ചെയ്ത് വർധനയില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. റമദാൻ കാലത്തെ തിരക്ക് ഒഴിവാക്കാനും അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടുന്നത് നിയന്ത്രിക്കാനും ജനങ്ങൾ സഹകരിക്കണമെന്നും ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അഭ്യർത്ഥിച്ചു.
The post റമദാൻ വിപണിയിൽ വിലക്കയറ്റത്തിന് തടയിടാൻ ദുബായ്; കർശന നിയന്ത്രണം appeared first on Express Kerala.




